ചെന്നൈ: അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ പേരില്‍ മര്യാദയുടെ അതിരുകള്‍ ആരും മറികടക്കരുതെന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കുടുംബാംഗങ്ങള്‍ക്കും ചില മന്ത്രിമാര്‍ക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനു ക്രിമിനല്‍ നടപടി നേരിടുന്ന അണ്ണാഡിഎംകെ നേതാവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയാണു കോടതിയുടെ നിരീക്ഷണം.

ഹര്‍ജിക്കാരി ഉപയോഗിച്ച വാക്കുകള്‍ വിധിയില്‍ പരാമര്‍ശിക്കാന്‍ പോലും താല്‍പര്യമില്ലെന്നും അത്ര മോശമാണെന്നും ഹര്‍ജി തള്ളിയ ജസ്റ്റിസ് എ.ഡി.ജഗദീഷ് ചന്ദിര പറഞ്ഞു. മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതിനായി ഹര്‍ജിക്കാരി സമര്‍പ്പിച്ച മാപ്പപേക്ഷ ആത്മാര്‍ഥതയോടെ അല്ലെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിച്ചു. തന്റെ പ്രസംഗത്തെ ന്യായീകരിക്കാനാണു ഹര്‍ജിക്കാരി ശ്രമിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

2024 സെപ്റ്റംബര്‍ 22ന് സേലം ജില്ലയിലെ ആറ്റൂരില്‍ നടന്ന പൊതുപരിപാടിക്കിടെയാണ് അണ്ണാഡിഎംകെ വനിതാ വിഭാഗം സംസ്ഥാന ഡപ്യൂട്ടി സെക്രട്ടറി അമുദ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. പൊതു സമാധാനം തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ള പ്രസ്താവന നടത്തി എന്നത് അടക്കം 3 വകുപ്പുകളില്‍ പൊലീസ് കേസെടുത്തതോടെയാണു മുന്‍കൂര്‍ജാമ്യം തേടി അമുദ ഹൈക്കോടതിയിലെത്തിയത്. അപകീര്‍ത്തികരമായ പ്രസംഗം നടത്തിയെന്ന കേസില്‍ നടി കസ്തൂരിക്കു മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി വിസമ്മതിച്ച കാര്യവും കോടതി പരാമര്‍ശിച്ചു.