ചെന്നൈ: കാമുകിയെ ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ യുവാവിന്റെ വധശിക്ഷ ജീവപര്യന്തമായി കുറച്ച് മദ്രാസ് ഹൈക്കോടതി. 2002 ല്‍ ചെന്നൈയിലെ സെന്റ് തോമസ് മൗണ്ടിനടുത്ത് ട്രെയിനിടിച്ച് യുവതി മരിച്ച കേസിലാണ് വിധി. വിദ്യാര്‍ത്ഥിനിയായ യുവതിയെ പ്രതി ഡി സതീഷ് ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് കണ്ടെത്തി.

ചെന്നൈ ഹൈക്കോടതി ജസ്റ്റിസുമാരായ എന്‍ സതീഷ് കുമാറും എം ജോതിരാമനും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചാണ് ശിക്ഷ ഇളവ് പ്രസ്താവിച്ചത്. 20 വര്‍ഷത്തെ തടവ് അനുഭവിക്കുന്നതുവരെ പ്രതിക്ക് യാതൊരു ഇളവും അപ്പീലും ബാധകമാവില്ല എന്നും വിധിയില്‍ പറഞ്ഞു. അപ്പീല്‍ ഭാഗികമായി അനുവദിച്ചുകൊണ്ടാണ് വിധി.

പ്രതിയുടെ പ്രായം കണക്കിലെടുത്തതായി കോടതി പറഞ്ഞു. സംഭവത്തിന് മുമ്പ് മോശം പ്രവൃത്തികള്‍ ഒന്നുമുണ്ടായിട്ടില്ല എന്നതും പരിഗണിച്ചു. ശിക്ഷാ നയം തന്നെ പരിഷ്‌കരണത്തിന് വേണ്ടിയാണ്. പ്രതികാര നീതിക്ക് വേണ്ടിയല്ലെന്ന് ബെഞ്ച് കൂട്ടിച്ചേര്‍ത്തു. ഐപിസി സെക്ഷന്‍ 302 (വധശിക്ഷ) പ്രകാരം ശിക്ഷ ലഭിക്കാന്‍ തീര്‍ച്ചയായും അര്‍ഹതയുണ്ട്.

സെക്ഷന്‍ 302 പ്രകാരം ചുമത്തിയിരിക്കുന്ന കുറ്റം വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ പ്രതിക്ക് സ്വയം പരിഷ്‌കരിക്കാനുള്ള സമയമുണ്ടെന്ന് കോടതി ചൂണ്ടികാട്ടി. മകള്‍ മരിച്ചതോടെ പിതാവ് ആത്മഹത്യ ചെയ്തിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച അമ്മയും പിന്നാലെ മരിച്ചു.