മുംബൈ: ബോളിവുഡ് താരം രൺബീർ കപൂറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. മഹാദേവ് ഓൺലൈൻ വാതുവയ്പ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടന് സമൻസ് അയച്ചിരിക്കുന്നത് . ഒക്ടോബർ ആറിന് ഹാജരാകാനാണ് നിർദ്ദേശം.

മഹാദേവ് ഓൺലൈൻ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് നിരവധി ബോളിവുഡ് താരങ്ങളും ഗായകരും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്. രൺബീറിനെ കൂടാതെ ടൈഗർ ഷ്‌റോഫ്, സണ്ണി ലിയോണി തുടങ്ങി മുൻനിര ബോളിവുഡ് താരങ്ങളും ഇഡിയുടെ നിരീക്ഷണത്തിലുണ്ട്. ആപ്പിന്റെ പ്രമോഷനൽ പ്രവർത്തനങ്ങൾ നടത്തുന്നതിന് രൺബീർ കപൂറിന് പേയ്മെന്റുകൾ ലഭിച്ചതായാണ് റിപ്പോർട്ട്.

കാർഡ് ഗെയിമുകൾ, ക്രിക്കറ്റ്, ബാഡ്മിന്റൻ, ടെന്നിസ്, ഫുട്‌ബോൾ തുടങ്ങിയ തത്സമയ ഗെയിമുകളിൽ അനധികൃത വാതുവയ്പ് നടത്തുന്നതിനുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് മഹാദേവ് ഓൺലൈൻ ബുക്കിങ് ആപ്ലിക്കേഷൻ. ഭിലായ് സ്വദേശികളായ സൗരഭ് ചന്ദ്രകറും രവി ഉപ്പലുമാണ് ആപ്പിന്റെ പ്രധാന പ്രമോട്ടർമാർ. ദുബൈ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നത് .

ആപ്പിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് നേരത്തേ കൊൽക്കത്ത, ഭോപ്പാൽ, മുംബൈ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 39 സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 417 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടിയിരുന്നു.