ലഖ്നൗ: മഹാകുംഭമേളയ്ക്കെത്തുന്ന ഭക്തര്‍ സ്വയം അച്ചടക്കം പാലിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. തിരക്കൊഴിവാക്കാൻ സര്‍ക്കാരുമായി സഹകരിക്കണം. ഒപ്പം ഏറ്റവും അടുത്തുള്ള ഘട്ടിൽ മാത്രം സ്നാനം നടത്താൻ ശ്രമിക്കണമെന്നും എല്ലാവരും സംഗമത്തിലേക്ക് പോയി സ്നാനം ചെയ്യാൻ ശ്രമിക്കരുതെന്നും അദ്ദേഹം എക്സിൽ പങ്കുവച്ച കുറിപ്പിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു തരത്തിലുള്ള വ്യാജ പ്രചാരണങ്ങളും ചെവികൊള്ളരുത്. ഔദ്യോഗിക സര്‍ക്കാര്‍ അറിയിപ്പുകളും മാർഗ്ഗനിർദ്ദേശങ്ങളും മാത്രം അനുസരിക്കണമെന്നും യോഗി ആവശ്യപ്പെട്ടു.സംഗമ സ്ഥലത്തെ തിരക്ക് ഒഴിവാക്കാൻ ശ്രദ്ധിക്കണം. ഇതിനായുള്ള നിയന്ത്രണങ്ങളുമായി സഹകരിക്കണം. മൗനി അമാവാസിയുമായി ബന്ധപ്പെട്ട് അഭൂതപൂര്‍വമായ തിരക്കാണ് കുംഭമേളയിൽ അനുഭവപ്പെടുന്നത്.

ദശലക്ഷക്കണക്കിന്ന ഭക്തരാണ് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. എല്ലാ സ്നാന ഘട്ടുകളിലും സുരക്ഷിതമായി സ്നാനം നടത്താനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അങ്ങനെ അടുത്തുള്ള ഘട്ടുകളിൽ നിന്ന് സ്നാനം നടത്തിയാൽ സംഗമ ഘട്ടിലെ തിരക്ക് നിയന്ത്രിക്കാനാകും. തീര്‍ത്ഥാടനത്തിന് എത്തിയ ഭക്തര്‍ ജാഗ്രതയും ആത്മനിയന്ത്രണവും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, മഹാകുംഭമേളക്കിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് പത്ത് പേർ മരിച്ചതിൽ ആശങ്ക തുടരുന്നു. മരണസംഖ്യയുടെ കാര്യത്തിലും ആശങ്ക ഉണ്ട്. 40 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. തിരക്കിനെ തുടർന്ന് തുടർ സ്നാനം നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു.