ബെംഗളൂരു: മഹിളാ കോൺഗ്രസ് മൈസൂരു സിറ്റി ജനറൽ സെക്രട്ടറിയും കൃഷ്ണരാജ ബ്ലോക്ക് കോൺഗ്രസ് അധ്യക്ഷയുമായ ശ്രീരാംപുര സ്വദേശി വിദ്യശ്രീ(35)യെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ഭർത്താവ് നന്ദിഷിന്റെ ടി. നരസിപുര തുരഗനൂരിലെ വീട്ടിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.

നന്ദിഷാണ് കൊല നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തുടർന്ന് നന്ദിഷ് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാൻ ബന്നൂർ പൊലീസ് തിരച്ചിൽ ശക്തമാക്കി. ദമ്പതിമാർക്ക് രണ്ടുപെൺകുട്ടികളുണ്ട്. ഒരു കുട്ടിക്ക് ഒമ്പതുമാസം പ്രായമായതേയുള്ളൂ.

കുടുംബകലഹമാണ് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നന്ദിഷും വിദ്യയും തമ്മിൽ വഴക്കുണ്ടാകുന്നത് പതിവായിരുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് വിദ്യ വീട്ടിലെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി.

ഇതിനിടെ നന്ദിഷ് വിദ്യയെ ചുറ്റികയെടുത്ത് അടിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കെ.ആർ. ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് സൂപ്രണ്ട് സീമാ ലട്കർ, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് നന്ദിനി എന്നിവർ വീട്ടിലെത്തി പരിശോധന നടത്തി.