ന്യൂഡൽഹി: ലോക് സഭയിൽ സംസാരിക്കുന്ന പ്രതിപക്ഷ എംപിമാരെ വളരെക്കുറച്ചു മാത്രം സ്‌ക്രീനിൽ കാട്ടുന്ന സൻസദ് ടി.വിയുടെ പക്ഷപാതിത്വത്തിനെതിരെ പരിഹാസവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുമ മോയിത്ര. ഇന്ന് താൻ പാർലമെന്റിൽ സംസാരിക്കാൻ പോവുകയാണെന്നും പിങ്കും പച്ചയും നിറത്തിലുള്ള തിളങ്ങുന്ന സാരിയാണ് ധരിച്ചിരിക്കുന്നതെന്നും മഹുവ ട്വീറ്റ് ചെയ്തു.

ലജ്ജയില്ലാത്ത, പക്ഷപാതപരമായ സൻസദ് ടി.വി തന്നെ സ്‌ക്രീനിൽ കാണിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് ഇക്കാര്യം പറയുന്നതെന്ന സൂചനയോടെയായിരുന്നു മഹുവയുടെ ട്വീറ്റ്.

'ഞാൻ ഇന്ന് സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിളങ്ങുന്ന പിങ്കും പച്ചയും നിറത്തിലുള്ള തിളങ്ങുന്ന സാരിയാണ് ഞാൻ ധരിച്ചിരിക്കുന്നത്. നാണമില്ലാത്തതും പക്ഷപാതപരവുമായ സൻസദ് ടി.വി എന്റെ സംസാരത്തിനിടയിൽ മറ്റെവിടെയെങ്കിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നപക്ഷം ആളുകൾക്ക് അറിയാനാണിത്' -മഹുവയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു. പാർലമെന്റിലെത്തിയതിന് തൊട്ടുപിന്നാലെയാണ് ഫോട്ടോ ഉൾപെടെയുള്ള ട്വീറ്റ്.

പ്രതിപക്ഷ എംപിമാർ സംസാരിക്കുമ്പോൾ വളരെക്കുറഞ്ഞ സമയം മാത്രം അവരെ ഫോക്കസ് ചെയ്യുന്നതിനെ കഴിഞ്ഞദിവസം മഹുവ കടുത്ത രീതിയിൽ വിമർശിച്ചിരുന്നു. 'ഇന്ത്യ' എംപിമാർ സംസാരിക്കുമ്പോൾ കൂടുതൽ സമയം ചെയർപേഴ്‌സന്റെ മുഖം കാണിക്കുന്ന കാമറകൾ, ബിജെപി എംപിമാർ സംസാരിക്കുമ്പോൾ അവരെ മാത്രം ഫോക്കസ് ചെയ്യുകയും ചെയ്യുന്നു.

നാണക്കേടാണിതെന്നു പറഞ്ഞ മഹുവ, ഡി.എം.കെ എംപി കനിമൊഴി പ്രസംഗിക്കുമ്പോൾ അവരെ കാണിക്കാതിരിക്കുകയും ബിജെപിയുടെ ഹീന ഗാവിത് സംസാരിക്കുമ്പോൾ അവരെ ഫോക്കസ് ചെയ്തതും ഉൾപ്പെടെ ചൂണ്ടിക്കാട്ടി.