- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾക്ക് ചെലവഴിക്കാൻ പണമില്ല; മല്ലികാർജുൻ ഖാർഗെ
ഡൽഹി: കോൺഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും വലിയ പിഴ ചുമത്തുകയും ചെയ്ത ആദായ നികുതി വകുപ്പിന്റെ നടപടിക്കെതിരെ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചത് കാരണം പ്രചാരണത്തിനും മറ്റുമായി തങ്ങളുടെ കയ്യിൽ പണമില്ലെന്ന് ഖാർഗെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പിൽ എല്ലാവർക്കും തുല്യ അവസരം നൽകണമെന്ന് പറഞ്ഞ ഖാർഗെ ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച ആയിരക്കണക്കിന് കോടി രൂപ അവർ വെളിപ്പെടുത്താൻ തയ്യാറല്ലെന്നും കുറ്റപ്പെടുത്തി. ജനങ്ങൾ സംഭാവനയായി നൽകിയ പണമാണ് പാർട്ടിക്കുള്ളത്, ഇപ്പോൾ അത് മരവിപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പാവശ്യങ്ങൾക്ക് ചെലവാക്കാൻ ഞങ്ങളുടെ കയ്യിൽ പണമില്ല. അതേസമയം ഇലക്ടറൽ ബോണ്ട് വഴി ബിജെപിക്ക് ലഭിച്ച തുകയെത്രയെന്ന് അവർ വെളിപ്പെടുത്തുന്നില്ല, കാരണം അവരുടെ തെറ്റായ പ്രവർത്തനങ്ങൾ പുറത്ത് വരും, അതിനാലാണ് അവർ ജൂലൈ വരെ സമയം ചോദിച്ചത്" - ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെയും ബിജെപിക്കെതിരെയും ആരോപണങ്ങൾ ഉന്നയിച്ച ഖാർഗെ ജനങ്ങൾ ഒന്നിച്ചു നിൽക്കണമെന്നും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയുടെ വിജയം ഉറപ്പാക്കണമെന്നും പറഞ്ഞു. മരിച്ചുപോയവരുടെ ഓർമ്മയ്ക്കായ് പിന്തുടർച്ചക്കാരാണ് അവരുടെ പേരിൽ സ്മാരകങ്ങൾ നിർമ്മിക്കുകയും പേരുകൾ നൽകുകയും ഒക്കെ ചെയ്യുന്നതെന്നും ഇവിടെ പ്രധാനമന്ത്രി ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിന്റെ പേര് ഗുജറാത്തിലെ ഒരു ക്രിക്കറ്റ് സ്റ്റേഡിയത്തിന് നൽകിയിരിക്കുന്നുവെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
ബിജെപി കള്ളം പറയുന്നുവെന്നും ജനങ്ങൾക്കിടയിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നുവെന്നും പറഞ്ഞ ഖാർഗെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കണമെന്ന് അംബേദ്കർ പറഞ്ഞിട്ടുണ്ടെന്നും വ്യക്തമാക്കി. ഭരണഘടന ഇല്ലെങ്കിൽ രാജ്യം വീണ്ടും എഴുന്നേൽക്കാൻ സാധിക്കാത്ത തരത്തിൽ അടിമത്തത്തിലാകുമെന്നും ഖാർഗെ പറഞ്ഞു. ഭരണഘടനയ്ക്കെതിരെയാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും ഇതിനെതിരെ ജനങ്ങൾ പോരാടുകയും ചോദ്യം ചെയ്യുകയും വേണമെന്നും ഖാർഗെ പത്രസമ്മേളനത്തിൽ ആഹ്വാനം ചെയ്തു.
ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട് ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച ഖാർഗെ ഭരണഘടനയ്ക്ക് പിന്നിൽ വലിയൊരു വിഭാഗം ആളുകളുടെ ത്യാഗമുണ്ടെന്നും പറഞ്ഞു. കടുത്ത വേനലിൽ കുടിവെള്ളത്തിന് പോലും ആളുകൾ ബുദ്ധിമുട്ടുന്ന കലബുർഗിയിലേക്കും(ഗുൽബർഗ) ബിദാറിലേക്കും തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മോദി എത്തുമ്പോൾ ആ പ്രദേശങ്ങൾക്ക് വേണ്ടി എന്ത് വികസന പ്രവർത്തനങ്ങളാണ് അദ്ദേഹവും ബിജെപിയും നടത്തിയിട്ടുള്ളതെന്നും ഖാർഗെ ചോദിച്ചു. കലബുർഗി ഇടയ്ക്കിടെ സന്ദർശിക്കുന്നതെന്തിനാണെന്നു ചോദിച്ചപ്പോൾ അവിടെ ഒരു എയർ സ്ട്രിപ്പ് ഉണ്ടെന്ന് പ്രധാനമന്ത്രി തന്നോട് പറഞ്ഞുവെന്നും ഖാർഗെ സൂചിപ്പിച്ചു.