കൊൽക്കത്ത: ചെങ്കോട്ടയിലെ ഈ വർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗം പ്രധാനമന്ത്രി എന്ന നിലയിൽ നരേന്ദ്ര മോദിയുടെ അവസാന പ്രസംഗമാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ' കളത്തിലിറങ്ങുകയാണ്. ഇനി 'ഇന്ത്യ' കളിക്കുമെന്നും മമത ബാനർജി വ്യക്തമാക്കി.

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് പശ്ചിമബംഗാളിലെ ബെഹാലയിൽ തൃണമൂൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദാരിദ്ര്യം തുടച്ചു നീക്കുക ( ഗരീബി ഹഠാവോ) എന്ന ലക്ഷ്യത്തോടെ പദ്ധതി നടപ്പാക്കി.

എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാവപ്പെട്ടവരെ തന്നെ തുടച്ചുനീക്കുക ( ഗരീബ് ഹഠാവോ) എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നതെന്ന് മമത ആരോപിച്ചു. ബിജെപിയുടെ വളർച്ച തടഞ്ഞ് പ്രതിപക്ഷ സഖ്യമായ ഇന്ത്യ രാജ്യത്ത് മികച്ച ശക്തിയായി മാറും.

തൃണമൂൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഇന്ത്യ സഖ്യം, 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടും. പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ബിജെപിയെ തുടച്ചു നീക്കും. ബംഗാൾ ജനത ബിജെപി സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും മമത ബാനർജി പറഞ്ഞു.