ബംഗളുരു: ഫോട്ടോയെടുക്കുന്നതിനിടെ പാലത്തിൽ നിന്ന് വീണ യുവാവിനെ കാണാതായി. കർണാടകയിൽ കാവേരി നദിയിലാണ് സംഭവം നടന്നത്. മൈസൂർ സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ 36 വയസ്സുകാരൻ മഹേഷാണ് അപകടത്തിൽപ്പെട്ടത്. മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിന് സമീപമായിരുന്നു സംഭവം നടന്നത്.

ഞായറാഴ്ച വൈകുന്നേരം സുഹൃത്തുക്കളോടൊപ്പം സർവധർമ്മ ആശ്രമത്തിന് സമീപം പിക്നിക്കിന് എത്തിയതായിരുന്നു മഹേഷ്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

പാലത്തിന് മുകളിൽ ഇരുന്ന് ഫോട്ടോയെടുക്കാൻ ശ്രമിക്കുന്നതിനിടെ മഹേഷിന് കാൽതെറ്റി നദിയിലേക്ക് വീഴുകയായിരുന്നു. മഹേഷ് പാലത്തിന്റെ കൈവരിയിൽ ഇരിക്കുമ്പോൾ ഒരു സുഹൃത്താണ് ഫോട്ടോ എടുത്തിരുന്നത്. ബാലൻസ് തെറ്റി തലകീഴായി താഴേക്ക് പതിക്കുകയായിരുന്നു. യുവാവിനായി തിരച്ചിൽ തുടരുകയാണ്.