ജയ്പുർ: 43 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം 67-കാരനായ ഭർത്താവിന് വിവാഹമോചനം അനുവദിച്ച് കോടതി. ഭാര്യയുടെ നിരന്തരമായ സംശയവും അധിക്ഷേപവും മാനസിക പീഡനവുമാണ് വിവാഹമോചന ഹർജിക്ക് പിന്നിലെ പ്രധാന കാരണങ്ങളെന്ന് ഭർത്താവ് കോടതിയെ അറിയിച്ചു. നാല് വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ജയ്പുരിലെ കുടുംബകോടതി വിധി പുറപ്പെടുവിച്ചത്.

1982-ലാണ് ഇവർ വിവാഹിതരായത്. ഇവർക്ക് മക്കളില്ല. വിവാഹം കഴിഞ്ഞ് വീട്ടിലെത്തിയ നാൾ മുതൽ ഭാര്യക്ക് തന്നെ സംശയമായിരുന്നെന്നും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പതിവാായിരുന്നെന്നും ഭർത്താവ് ഹർജിയിൽ വ്യക്തമാക്കി. വീട് ചെറുതാണെന്നും ആവശ്യത്തിന് സൗകര്യങ്ങളില്ലെന്നും പറഞ്ഞ് ഭാര്യ തന്നെ പരിഹസിക്കുകയും അധിക്ഷേപിക്കുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. കാറുകൾ, വീട്ടുജോലിക്കാർ തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതിനെക്കുറിച്ചായിരുന്നു പ്രധാനമായും അധിക്ഷേപങ്ങൾ.

ഭാര്യ എസി മുറിയിൽ ഉറങ്ങുകയും തൻ്റെ കൂടെ ഉറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്തതായും ഭർത്താവ് കൂട്ടിച്ചേർത്തു. പഴയ സാധനങ്ങൾ വിൽക്കുമ്പോൾ പോലും ഭാര്യ വഴക്കിട്ടിരുന്നെന്നും ഇത് വലിയ മാനസിക സംഘർഷങ്ങൾക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, താൻ ഭർത്താവിനെ ഒരിക്കലും അധിക്ഷേപിച്ചിട്ടില്ലെന്നും താനില്ലാതെ ആഡംബര ജീവിതം നയിക്കാനാണ് ഭർത്താവിൻ്റെ ശ്രമമെന്നും വിവാഹമോചന ഹർജി തള്ളണമെന്നും ഭാര്യ വാദിച്ചു. എന്നാൽ, ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ കോടതിയിൽ തെളിയിക്കാൻ സാധിച്ചില്ല. തുടർന്നാണ് കോടതി വിവാഹമോചനം അനുവദിച്ചത്.