ബെംഗളൂരു: കർണ്ണാടകയിൽ നാട്ടിലിറങ്ങിയ പുള്ളിപ്പുലിയെ അതിസാഹസികമായി വകവരുത്തി യുവാവ്. പുള്ളിപ്പുലിയെ വാലിൽ പിടിച്ച് കറക്കിയെടുത്ത് ഗ്രാമ വാസികൾക്ക് രക്ഷകനായ യുവാവിന് അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്. തുംകുരു ജില്ലയിലാണ് ഗ്രാമവാസികൾക്ക് പേടിസ്വപ്നമായി വിലസിയ പുള്ളിപ്പുലിയെയാണ് ആനന്ദ് എന്ന യുവാവ് തന്ത്രപൂർവം പിടികൂടിയത്.

ഗ്രാമം പുള്ളിപ്പുലിയുടെ ഭീതിയിലായിട്ട് ദിവസങ്ങളായിരുന്നു. എന്നിട്ടും പുള്ളിപ്പുലിയെ പിടികൂടാൻ വനം വകുപ്പിന് സാധിച്ചിരുന്നില്ല. വനംവകുപ്പും നാട്ടുകാരും ചേർന്ന് പുള്ളിപ്പുലിക്കായി കെണിയൊരുക്കിയെങ്കിലും ഫലമുണ്ടായില്ല. വളർത്ത് മൃഗങ്ങളെ ആക്രമിച്ച പുലി നാട്ടുകാർക്ക് ഭീഷണിയായി വിലസുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം വീണ്ടും ഗ്രാമത്തിൽ എത്തിയത്. എന്നാൽ നാട്ടുകാർ പുലിയെ വളഞ്ഞു. വനം വകുപ്പ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്ത് എത്തിയിരുന്നു.

എന്നാൽ പുലിയെ പിടികൂടാനാകില്ലെന്ന സാഹചര്യമാണ് നിലനിന്നിരുന്നത്. ഈ സമയത്താണ് ഗ്രാമവാസിയായ ആനന്ദ് രക്ഷകനായെത്തുന്നത്. പുലിയുടെ പിന്നിലൂടെ പതുങ്ങിയെത്തിയ അനന്ദ് വാലിൽ പിടുത്തമിട്ട് പുലിയെ പിടിച്ച് കറക്കി. അതേസമയം ഫോറസ്റ്റ് ഉദ്യോഗസ്ഥർ പുള്ളിപ്പുലിയെ വലകൊണ്ട് മൂടി കെണിയിലാക്കി. പുലി വലയിലായി എന്നുറപ്പിക്കുന്നത് വരെ ആനന്ദ് വാലിൽ നിന്നും പിടി വിട്ടില്ല. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ യുവാവിന്‍റെ ധീരതയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. പുലിയെ പിന്നീട് വനം വകുപ്പ് സമീപത്തെ വനത്തിൽ തുറന്നുവിട്ടു.