പാൽഘർ: ബലാത്സംഗ പരാതി നൽകിയതിലെ പകയിൽ യുവതിയെ ലിവ് ഇൻ പാർട്ണർ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. 28കാരിയെ കൊന്നതിന് 43കാരൻ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.

ഓഗസ്റ്റ് ഒമ്പതിനും 12നുമിടയിലാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 14ന് യുവതിയുടെ കുടുംബം മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം ഗുജറാത്തിലെത്തിച്ച് സംസ്‌കരിച്ചെന്നാണ് സംശയിക്കുന്നത്. യുവതി ബലാത്സംഗ പരാതി നൽകിയതിൽ പ്രതിക്ക് പകയുണ്ടായിരുന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടെങ്കിലും യുവതി തയാറായിരുന്നില്ല.