ജയ്പൂര്‍: രാജസ്ഥാന്‍ യൂണിവേഴ്സിറ്റി കാമ്പസില്‍ ബൈക്കില്‍ ഇരുന്ന് യുവാവ് സിഗരറ്റ് കത്തിച്ചപ്പോള്‍ പെട്രോള്‍ ടാങ്കില്‍ തീപ്പൊരി വീണ് വന്‍ തീപിടിത്തം. സ്വയം തീ കൊളുത്തിയെന്ന് ധരിച്ച ചുറ്റുമുള്ളവര്‍ കാഴ്ച കണ്ട് നടുങ്ങി. ഇരയായ 25കാരന്‍ ഹൃത്വിക് മല്‍ഹോത്ര ഗ്രേഡ് 1 പി.ടി.ഐ അധ്യാപകനായി ശനിയാഴ്ച ജോലി തുടങ്ങാനിരിക്കുകയായിരുന്നു.

ഡിപ്പാര്‍ട്ട്മെന്റിനകത്ത് ഇന്റേണല്‍ പരീക്ഷ നടക്കുന്നതിനിടെ യുവാവിന്റെ നിസ്സഹായമായ നിലവിളി കേട്ട് അധ്യാപകും വിദ്യാര്‍ഥികളും പുറത്തേക്കിറങ്ങിയോടി. 'പുറത്തേക്ക് ഓടിയ ഞങ്ങള്‍ ഒരാളെ തീ വിഴുങ്ങിയതായി കണ്ടു. അയാള്‍ സഹായത്തിനായി വിളിക്കുന്നുണ്ടായിരുന്നു'-ഒരു അധ്യാപകന്‍ പറഞ്ഞു.

തീ അണച്ച ശേഷം അവര്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു. ശരീരത്തിന്റെ 85 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്. ഗുരുതര നിലയില്‍ തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കത്തിച്ച സിഗരറ്റില്‍ നിന്നുള്ള പൊരി ഇയാള്‍ ഇരുന്ന ബൈക്കിന്റെ പെട്രോള്‍ ടാങ്കില്‍ വീണതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. യൂനിവേഴ്സിറ്റിയിലെ ഡ്രാമാറ്റിക്സ് വിഭാഗത്തിന് പിന്നിലാണ് സംഭവം.