മുസാഫര്‍പൂര്‍: അവസാന ദിവസത്തിനയി ആശുപത്രിയില്‍ കാത്തിരിക്കുന്ന മുത്തശ്ശിക്ക് ഒരു ദിവസം ഒരു ആഗ്രഹം. തന്റെ അവസാന ആഗ്രഹം എന്നാണ് മുത്തശ്ശി ആശുപത്രിക്കാരോട് പറഞ്ഞത്. തന്റെ ചെറുമകന്റെ കല്ല്യാണം ഒന്ന് കാണണം. മുത്തശ്ശിയുടെ ആഗ്രഹം അല്ലേ എന്ന് കരുതി ആ ചെറുമകന്‍ ആ ആഗ്രഹം അങ്ങ് സാധിച്ചുകൊടുത്തു. തന്റെ ഭാവി വധുവിന്റെ സമ്മതപ്രകാരം മുത്തശ്ശിക്ക് വേണ്ടി വിവാഹം ചെയ്തു. ബിഹാറിലെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വിവാഹം നടന്നത്.

അഭിഷേക് എന്ന യുവാവാണ് മുത്തശ്ശിയ്ക്കായി തന്റെ വിവാഹം ആശുപത്രിയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചത്. ഇദ്ദേഹത്തിന്റെ മുത്തശ്ശിയായ റീത ദേവിയെ ആശുപത്രിയിലെ അടിയന്തരവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. അടുത്തമാസമാണ് അഭിഷേകിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. അതിനിടെയാണ് മുത്തശ്ശിയ്ക്ക് അസുഖം മൂര്‍ച്ഛിച്ചത്. തന്റെ വിവാഹം കാണണമെന്ന് മുത്തശ്ശി പറഞ്ഞുവെന്നും അതുകൊണ്ടാണ് വിവാഹം ആശുപത്രിയില്‍ വെച്ച് നടത്തിയതെന്നും യുവാവ് പറഞ്ഞു.

ഇക്കാര്യം വധുവിന്റെ വീട്ടുകാരെയും അറിയിച്ചു. അഭിഷേകിന്റെ തീരുമാനത്തെ അവരും പിന്തുണച്ചു. തുടര്‍ന്ന് ആശുപത്രിയ്ക്ക് അടുത്തുള്ള ഒരു ശിവക്ഷേത്രത്തില്‍ വെച്ച് വിവാഹച്ചടങ്ങുകള്‍ നടത്തി. ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയശേഷം നവദമ്പതികള്‍ നേരെ മുത്തശ്ശിയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങി. മുത്തശ്ശിയുടെയും ചെറുമകന്റെയും വൈകാരികനിമിഷങ്ങള്‍ ആശുപത്രിയില്‍ കൂടിനിന്നവരുടെ കണ്ണുനിറച്ചു.

എന്നാല്‍ നവദമ്പതികളെ അനുഗ്രഹിച്ച് രണ്ട് മണിക്കൂറിന് ശേഷം മുത്തശ്ശി ലോകത്തോട് വിടപറഞ്ഞു. മുത്തശ്ശിയുടെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത അഭിഷേകിനെ നിരവധി പേര്‍ അഭിനന്ദിക്കുകയും ചെയ്തു. ഇവരുടെ കഥ ഇപ്പോള്‍ ആശുപത്രിയിലെ പ്രധാനചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ്.