ന്യൂഡൽഹി: മണിപ്പുരിലെ പ്രബലമായ മെയ്ത്തീ സമുദായക്കാരും ഗോത്ര വിഭാഗമായ കുക്കികളുമായി രണ്ടു ദിവസമായി തുടരുന്ന രക്തരൂക്ഷിതമായ ഏറ്റുമുട്ടലിന് തടയിടാനാകാതെ സർക്കാർ. സംഘർഷാവസ്ഥ കണക്കിലെടുത്ത് മണിപ്പൂരിലേക്കുള്ള എല്ലാ ട്രെയിനുകളും നിർത്തിവച്ചു. മണിപ്പൂർ സർക്കാർ നിർദ്ദേശിച്ചതിനെ തുടർന്നാണ് നോർത്ത് ഈസ്റ്റ് റെയിൽവേ ട്രെയിൻ സർവീസുകൾ നിർത്തിവച്ചത്. സ്ഥിതി മെച്ചപ്പെടുന്നതുവരെ ട്രെയിനുകൾ ഒന്നും മണിപ്പൂരിലേക്ക് പ്രവേശിക്കില്ല.

മണിപ്പൂരിൽ കഴിഞ്ഞദിവസം ഉണ്ടായ സംഘർഷങ്ങളിൽ നിരവധി പേർക്കാണ് പരുക്കേറ്റത്. സംഘർഷങ്ങളെ തുടർന്ന് സംസ്ഥാനത്ത് സൈന്യത്തെയും ദ്രുത കർമ്മസേനയേയും വിന്യസിച്ചിട്ടുണ്ട്.

സംഘർഷത്തെ തുടർന്ന് ഇംഫാൽ വെസ്റ്റ്, കാക്കിങ്, തൗബൽ, ജിരിബാം, ബിഷ്ണുപൂർ ജില്ലകളിലും ചുരാചന്ദ്പൂർ, തെങ്‌നൗപാൽ തുടങ്ങിയ ഇടങ്ങളിലെല്ലാം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് പുറമേയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ഷൂട്ട് അറ്റ് സൈറ്റ് ഓർഡർ ഇറക്കിയത്. ജനങ്ങൾ സംയമനം പാലിക്കണമെന്നും സമാധാനം കാത്ത് സൂക്ഷിക്കണമെന്നും ഗവർണർ അനുസൂയ ഉകെയ് ആഹ്വാനം ചെയ്തു.