ന്യൂഡൽഹി: മണിപ്പൂരിൽ കലാപം നടന്ന് 80 ദിവസത്തിന് ശേഷം ഇതേക്കുറിച്ച് പ്രതികരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചു കോൺഗ്രസ്. എട്ട് മിനിറ്റ് നീണ്ട മോദിയുടെ പ്രസംഗത്തിൽ 36 സെക്കൻഡ് മാത്രമാണ് അദ്ദേഹം മണിപ്പൂരിനെ കുറിച്ച് സംസാരിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഇതിനിടയിൽ ഛത്തീസ്‌ഗഢിനെക്കുറിച്ചും രാജസ്ഥാനെ കുറിച്ചും അദ്ദേഹം ചില പ്രതികരണം നടത്തിയെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു.

മണിപ്പൂരിൽ നിന്നുള്ള വിഡിയോ കണ്ടപ്പോൾ വേദനയുണ്ടായെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ, 140 കോടി ഇന്ത്യക്കാർക്കും അപമാനമുണ്ടാക്കുന്നതായിരുന്നു പുറത്തു വന്ന വിഡിയോ. 36 സെക്കൻഡ് മാത്രമാണ് മോദി മണിപ്പൂരിനെ കുറിച്ച് സംസാരിച്ചത്.

നിങ്ങൾ നേരത്തെ സംസാരിച്ചിരുന്നുവെങ്കിൽ 77 ദിവസം പഴക്കമുള്ള വിഡിയോ രാജ്യത്തിന് കാണേണ്ടി വരുമായിരുന്നില്ല. വിഡിയോ ഹൃദയത്തിൽ വേദനയും ദേഷ്യവുമുണ്ടാക്കിയെന്നാണ് നിങ്ങൾ പറഞ്ഞത്. നിങ്ങൾക്ക് വിവിധ ഏജൻസികളും പൊലീസുമുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾ മുഖ്യമന്ത്രി എൻ.ബിരേൻ സിങ്ങിനെ പുറത്താക്കാത്തതെന്നും കോൺഗ്രസ് വക്താവ് ചോദിച്ചു.