ന്യൂഡൽഹി: കരസേനാ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി കേന്ദ്ര സർക്കാർ. ഈ മാസം 31ന് വിരമിക്കാനിരിക്കുന്ന പാണ്ഡെയുടെ കാലാവധി ഒരു മാസത്തേക്കാണ് നീട്ടിയത്.

മെയ് 26-ന് ചേർന്ന കാബിനറ്റ് അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം. 2022 ഏപ്രിലിലാണ് ജനറൽ പാണ്ഡെ 29ാം സൈനിക മേധാവിയായി ചുമതലയേറ്റത്. അതിനുമുമ്പ് അദ്ദേഹം ആർമി സ്റ്റാഫിന്റെ വൈസ് ചീഫായി സേവനമനുഷ്ഠിച്ചു.

ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ)യ്‌ക്കെതിരായ നിലപാട് ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ സൈന്യം കിഴക്കൻ മേഖലയിൽ പുതിയ ആയുധ സംവിധാനങ്ങൾ വിന്യസിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.