മുംബൈ: വിവാഹവാഗ്ദാനം നൽകി വയോധികയെ കബളിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നൈജീരിയൻ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെയാണ് മാതുംഗ പൊലീസ് അറസ്റ്റ് ചെയ്തത്. മണിപ്പൂർ സ്വദേശികളായ തിൻഗ്യോ റിങ്ഫാമി ഫെയ്റേ (26), സോളൻ തോട്ടംഗമല അങ്കാങ് (22) എന്നിവരെ അസമിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘം നടത്തുന്ന നൈജീരിയക്കാരെ പൊലീസ് തിരയുകയാണ്.

ദാദറിൽ നിന്നുള്ള 75കാരിയെയാണ് സംഘം കബളിപ്പിച്ചത്. ദാദറിലെ ഫൈവ് ഗാർഡൻസിൽ താമസിക്കുന്ന അവിവാഹിതയായ സ്ത്രീ പങ്കാളിയെ തേടുന്നുണ്ടായിരുന്നു. ജർമ്മൻ പൗരനെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ വയോധികക്ക് വാട്സ്ആപ്പിൽ സന്ദേശം അയച്ചു. അന്താരാഷ്ട്ര നമ്പറിൽ നിന്നാണ് ഇവർക്ക് സന്ദേശം ലഭിച്ചത്. തനിക്ക് ഭാര്യയില്ലെന്നും വയോധികയെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നുമായിരുന്നു സന്ദേശം.

ധനികനാണെന്നും ഉടൻ മുംബൈയിലേക്ക് വരുമെന്നും അപ്പോൾ വിവാഹം കഴിക്കാമെന്നും ഇയാൾ സ്ത്രീയോട് പറഞ്ഞതായി സീനിയർ ഇൻസ്പെക്ടർ ദീപക് ചവാൻ പറഞ്ഞു. വാട്സ്ആപ്പ് ചാറ്റിലൂടെ പരിചയം വളർന്നതോടെയായിരുന്നു തട്ടിപ്പ്. വിലപിടിപ്പുള്ള സമ്മാനങ്ങൾ അയച്ചിട്ടുണ്ടെന്ന് ഇയാൾ വയോധികയോട് പറഞ്ഞു.

അടുത്തദിവസം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നാണെന്നും പാഴ്‌സൽ നൽകണമെങ്കിൽ 3.85 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി നൽകണമെന്നും പറഞ്ഞ് മറ്റൊരു കോൾ ഇവർക്ക് വന്നു. പണം നൽകിയെങ്കിലും ഇവർക്ക് സമ്മാനം ലഭിച്ചില്ല. പിന്നീട് പല കാരണങ്ങൾ പറഞ്ഞ് ഇയാൾ വയോധികയിൽനിന്ന് പണം വാങ്ങി.പിന്നീട് ജർമ്മൻകാരനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ കോൾ എടുത്തില്ല. ഇതോടെയാണ് വയോധിക പരാതിയുമായി പൊലീസിനെ സമീപിച്ചത്.