ഭോപാല്‍: മധ്യപദേശിലെ മൊറേനയില്‍ നിന്ന് 6.8 കോടി രൂപ വില മതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു. അന്തര്‍ സംസ്ഥാന ലഹരി മാഫിയ സംഘത്തിന്റെ പക്കല്‍ നിന്ന് കാലിത്തീറ്റയില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. 3098 കിലോഗ്രാം തൂക്കം വരുന്ന കഞ്ചാവ് ട്രക്കില്‍ കടത്തുന്നതിനിടെയായിരുന്നു പൊലീസ് ഇടപെടല്‍.

മൊറേന ജില്ലയിലെ സവിതാപുര കനാലിനടുത്തുള്ള ദേശീയപാതയിലൂടെ (എന്‍എച്ച് -44) സഞ്ചരിച്ച ട്രക്കില്‍ നിന്നാണ് പൊലീസ് കഞ്ചാവ് പിടികൂടിയത്. രഹസ്യമായി കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയതായിരുന്നു പൊലീസ്. കഞ്ചാവ് പിടികൂടിയ ട്രക്ക് ഛത്തീസ്ഗഢ് രജിസ്ട്രേഷന്‍ നമ്പറുള്ളതാണ്.

അറസ്റ്റിലായ ട്രക്ക് ഡ്രൈവര്‍ വാഹനം മഹാരാഷ്ട്രയിലെ നാസികില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോവുകയായിരുന്നു എന്ന് പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശിയായ വിരേന്ദ്ര യാദവ് ആണ് അറസ്റ്റിലായ ഡ്രൈവര്‍. പൊലീസിന് നല്‍കിയ മൊഴികള്‍ ഡ്രൈവര്‍ ഇടയ്ക്കിടെ മാറ്റിപ്പറയുന്നുവെന്നും പുറത്തു വരുന്ന വിവരങ്ങള്‍ പറയുന്നു.

'ഞങ്ങള്‍ കരുതിയതിനേക്കാള്‍ വലിയ മാഫിയ സംഘമാണ് ഈ ലഹരിക്കടത്തിന് പിന്നിലുള്ളത്. രാജ്യത്തെ ഏതൊക്കെ സ്ഥലങ്ങളിലേക്ക് ഇവര്‍ ലഹരി വസ്തുക്കള്‍ എത്തിച്ചിട്ടുണ്ടെന്ന് അന്വേഷിക്കുകയാണ്.' മൊറേന ജില്ലയിലെ ഒരു സീനിയര്‍ പൊലീസ് ഓഫീസര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. കേസിന്റെ വ്യാപ്തി കണക്കിലെടുത്ത്, ലഹരി മാഫിയ സംഘത്തെ കുറിച്ച് അന്വേഷിക്കുന്നതിനായി മൊറേന പൊലീസ് ഒരു പ്രത്യേക അന്വേഷണ സംഘത്തിന്(എസ്ഐടി) രൂപം നല്‍കിയിട്ടുണ്ട്.