ന്യൂഡൽഹി: രാജ്യംവിട്ട, നിരോധിത മാവോയിസ്റ്റ് സംഘടനയുടെ സ്വയം പ്രഖ്യാപിത നേതാവ് കുൽദീപ് യാദവ് എന്നറിയപ്പെടുന്ന ദിനേശ് ഗോപിയെ നേപ്പാളിൽ നിന്ന് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അറസ്റ്റ് ചെയ്തു.മൂന്ന് സംസ്ഥാനങ്ങളിലായി നൂറിലധികം ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോപി കഴിഞ്ഞ 13 മാസമായി സിഖ് വേഷം ധരിച്ച് നേപ്പാളിൽ ധാബ നടത്തുകയായിരുന്നുവെന്ന് എൻ.ഐ.എ ഉദ്യോഗസ്ഥർ അറിയിച്ചു.

കഴിഞ്ഞ വർഷം ഫെബ്രുവരി മൂന്നിന് ഝാർഖണ്ഡിലെ വെസ്റ്റ് സിങ്ഭൂമിൽ ഗോപിയുടെ നേതൃത്വത്തിലുള്ള പീപ്പിൾസ് ലിബറേഷൻ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എൽ.എഫ്.ഐ)യും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നെങ്കിലും ഗോപി രക്ഷപ്പെടുകയായിരുന്നു. നേപ്പാളിലേക്ക് കടന്ന ഗോപി, ബിഹാറിർ അതിർത്തിക്കടുത്ത ബിരാത്‌നഗറിൽ ധാബ നടത്തുകയായിരുന്നു എന്നാണ് വിവരം.

ബീഹാർ, ഒഡീഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലെ ഏരിയ കമാൻഡർമാരെ ഗോപി ബന്ധപ്പെടാറുണ്ടായിരുന്നു. വിളിച്ചതിന് ശേഷം ഗോപി മൊബൈൽ ഫോണുകളും സിം കാർഡുകളും നശിപ്പിക്കാറായിരുന്നു പതിവെന്നും അന്വേഷണ സംഘം പറഞ്ഞു. പക്ഷേ ഈ വർഷമാദ്യം ഗോപി തന്റെ സ്വകാര്യ നമ്പറിൽ നിന്ന് വിളിച്ച ഒരു കോൾ അദ്ദേഹത്തിന്റെ നേപ്പാളിലെ ലൊക്കേഷൻ കണ്ടെത്താൻ സുരക്ഷാ സേനയെ സഹായിക്കുകയായിരുന്നു.

കൊലപാതകങ്ങൾ, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കൽ, പി.എൽ.എഫ്.ഐക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് ഗോപിക്കെതിരേ നിലനിൽക്കുന്നത്.