ഡൽഹി: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹി മെട്രോയിൽ വെച്ച് മുൻ കാമുകിയെ അവിചാരിതമായി കണ്ടുമുട്ടിയ യുവാവിന്റെ അനുഭവം സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നു. പഴയ ഓർമ്മകളും മറന്നുവെന്ന് കരുതിയ വേദനയും ഒരുമിച്ച് മനസ്സിലേക്ക് ഇരച്ചെത്തിയതായി യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

ജോലി കഴിഞ്ഞ് ഗുരുഗ്രാമിൽ നിന്ന് ഗ്രീൻ പാർക്കിലേക്ക് മെട്രോയിൽ മടങ്ങുകയായിരുന്ന യുവാവ് രാജി ചൗക്ക് സ്റ്റോപ്പിൽ വെച്ചാണ് അവളെ കണ്ടത്. 2022-ന് ശേഷം ആദ്യമായാണ് ഇരുവരും കാണുന്നത്. ആദ്യം കണ്ടില്ലെന്ന് നടിക്കാൻ ശ്രമിച്ചെങ്കിലും യുവതി യുവാവിനെ തിരിച്ചറിയുകയും സംസാരിക്കുകയും ചെയ്തു. ജോലിയെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചും സംസാരിച്ചെങ്കിലും സംസാരത്തിനിടയിലെ നിശബ്ദത വലിയ ഭാരമായി അനുഭവപ്പെട്ടതായി യുവാവ് പറഞ്ഞു.

'കണ്ടതിൽ സന്തോഷം' എന്ന് പരസ്പരം പറഞ്ഞ ശേഷം യുവതി ഇറങ്ങിപ്പോയി. എന്നാൽ, പോകേണ്ട സ്റ്റോപ്പ് പോലും മറന്ന് പഴയ ഓർമ്മകളിൽ ലയിച്ച യുവാവ്, താൻ അവളെ മറന്നെന്ന് കരുതിയെങ്കിലും അത് സത്യമായിരുന്നില്ലെന്ന് തിരിച്ചറിഞ്ഞു. ഒക്ടോബർ 10-ന് പങ്കുവെച്ച ഈ കുറിപ്പിന് 1,700-ൽ അധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു. പലരും തങ്ങളുടെ സമാന അനുഭവങ്ങൾ പങ്കുവെക്കുകയും യുവാവിന് പിന്തുണ അറിയിക്കുകയും ചെയ്തു. ജീവിതത്തിലെ ഇത്തരം അനുഭവങ്ങൾ സാധാരണമാണെന്നും മുന്നോട്ട് പോകണമെന്നും പലരും ഉപദേശിച്ചു.