പനാജി: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗോവയിൽ വിദേശ വനിതാ ടൂറിസ്റ്റുകൾക്ക് നേരെ അതിക്രമം നടന്ന സംഭവം സംസ്ഥാനത്തെ ടൂറിസം സുരക്ഷയെക്കുറിച്ച് വീണ്ടും ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. അരംബോൾ ബീച്ചിൽ എത്തിയ രണ്ട് വിദേശ വനിതകളെ ഒരു സംഘം പുരുഷന്മാർ അനുവാദമില്ലാതെ ബലമായി ചേർത്ത് പിടിച്ച് ചിത്രങ്ങൾ പകർത്തിയതായാണ് റിപ്പോർട്ടുകൾ.

വനിതകളുടെ തോളുകളിൽ കൈകളിട്ട് അനുമതിയില്ലാതെ ശരീരത്തിൽ സ്പർശിച്ചതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഈ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

സംഭവത്തിൽ പ്രദേശവാസികൾ ഇടപെട്ട് വനിതകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും, ചിത്രങ്ങൾ ഡിലീറ്റ് ചെയ്യാനും മാപ്പ് പറയാനും ആവശ്യപ്പെട്ടതായും ദൃക്സാക്ഷികൾ അറിയിച്ചു. വിദേശ വനിതകളോട് മോശമായി പെരുമാറിയത് ഇന്ത്യക്കാരായ വിനോദസഞ്ചാരികളാണെന്നാണ് പ്രാഥമിക വിവരം.

അടുത്തിടെ ഗോവയിലെ ഒരു കുടുംബത്തിന് ബൗൺസർമാരിൽ നിന്ന് ദുരനുഭവമുണ്ടായതായും റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ, വിനോദസഞ്ചാരികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ ബൗൺസർമാർക്ക് അധികാരമില്ലെന്ന് ടൂറിസം വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. ഏതെങ്കിലും തരത്തിലുള്ള ആക്രമണമോ ഭീഷണിപ്പെടുത്തലോ മോശം പെരുമാറ്റമോ ഉണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ടൂറിസം വകുപ്പ് അറിയിച്ചിരുന്നു.

സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ടൂറിസ്റ്റ് പോലീസിനോട് രാത്രിയും പകലും പട്രോളിംഗ് ശക്തമാക്കാനും പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണം തുടരാനും നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശ വനിതകൾക്കെതിരെയുണ്ടായ അതിക്രമത്തെ ടൂറിസം ഡയറക്ടർ കേദാർ നായിക് അപലപിച്ചു.