- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സെൻസർ ബോർഡിനെ ബി.ജെ.പി സർക്കാർ രാഷ്ട്രീയ ആയുധമാക്കുന്നു'; വിജയ് ചിത്രം 'ജനനായകൻ' റിലീസ് മാറ്റിയതിൽ അപലപിച്ച് എം.കെ. സ്റ്റാലിൻ
ചെന്നൈ: കേന്ദ്രസർക്കാർ സെൻസർ ബോർഡിനെ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആരോപിച്ചു. നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ അവസാന ചിത്രമായ 'ജനനായകൻ' റിലീസ് തടസ്സപ്പെട്ടതിനെ തുടർന്നുള്ള തർക്കങ്ങൾക്കിടെയാണ് സ്റ്റാലിന്റെ ഈ ശക്തമായ വിമർശനം. സി.ബി.ഐ, ഇ.ഡി, ഐ.ടി എന്നിവയെ പോലെ സെൻസർ ബോർഡും ബി.ജെ.പി സർക്കാരിന്റെ പുതിയ ആയുധമായി മാറിയെന്ന് അദ്ദേഹം എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.
'ജനനായകൻ' എന്ന ചിത്രം നേരിട്ട് പരാമർശിക്കാതെയാണ് സ്റ്റാലിൻ തന്റെ നിലപാട് അറിയിച്ചത്. "സി.ബി.ഐ, ഇ.ഡി, ഐ.ടി എന്നിവയെ പോലെ, സെൻസർ ബോർഡും ബി.ജെ.പി സർക്കാരിന്റെ പുതിയ ആയുധമായി മാറിയിരിക്കുന്നു. ശക്തമായി അപലപിക്കുന്നു" എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന 'ജനനായകൻ' എന്ന ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കാത്തതിനെ തുടർന്നാണ് റിലീസ് നീണ്ടുപോയത്. സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ചിത്രത്തിന്റെ നിർമാതാക്കൾ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് പരിഗണിച്ച ജസ്റ്റിസ് പി.ടി. ആശയുടെ സിംഗിൾ ബെഞ്ച് ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് നൽകാൻ ഉത്തരവിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച് ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ ചിത്രത്തിന്റെ റിലീസ് വീണ്ടും അനിശ്ചിതത്വത്തിലായി. ഡിവിഷൻ ബെഞ്ചിന്റെ ഈ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് നിർമാണ കമ്പനിയുടെ തീരുമാനം.
അനിശ്ചിതത്വം കാരണം പ്രീ-ബുക്കിംഗ് നടത്തിയവർക്ക് നിർമാണ കമ്പനി ടിക്കറ്റ് തുക തിരികെ നൽകിയിട്ടുണ്ട്. രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്ന വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ 'ജനനായകൻ' വലിയ പ്രാധാന്യത്തോടെയാണ് പ്രേക്ഷകർ കാത്തിരുന്നത്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ തുടങ്ങിയ പ്രമുഖ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.




