ചെന്നൈ: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന് പിന്നാലെ കുട്ടികളുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന ആഹ്വാനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും. ഇതോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീപരിത ജനസംഖ്യാ വളര്‍ച്ചയെ കുറിച്ചുളള ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ചെന്നൈയില്‍ നടന്ന സമൂഹവിവാഹം ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു സ്റ്റാലിന്റെ ആഹ്വാനം.

'തമിഴിലൊരു പഴഞ്ചൊല്ലുണ്ട്, പതിനാറും പെട്ര് പെരുവാഴ്വ് വാഴ്ക, അതായത് പതിനാറ് തരത്തിലുള്ള സമ്പത്തുണ്ടാകട്ടെയെന്ന്. കാലം പുരോഗമിക്കുന്നതനുസരിച്ച് നവദമ്പതികള്‍ക്ക് നല്‍കുന്ന അനുഗ്രഹങ്ങളുടെ സ്വഭാവം മാറുകയാണ്. പതിനാറ് തരത്തിലുള്ള സമ്പാദ്യങ്ങളുണ്ടാകട്ടെ എന്ന പ്രാര്‍ഥന നിറയെ പശുക്കളും ഭൂമിയും ഉണ്ടാകട്ടെ എന്നതില്‍നിന്നു നല്ല കുഞ്ഞുങ്ങള്‍ ജനിക്കാനും നല്ല വിദ്യാഭ്യാസം നല്‍കാനും കഴിയട്ടെ എന്നായി.

ഇന്ന് ലോക്സഭാ മണ്ഡലങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ എന്തുകൊണ്ട് നമ്മള്‍ കുട്ടികളുടെ എണ്ണം കുറയ്ക്കണം എന്ന ചോദ്യം ഉയര്‍ന്നുവരുന്നു. എന്തുകൊണ്ട് പതിനാറ് കുട്ടികളെ ജനിപ്പിച്ചുകൂടാ, സ്റ്റാലിന്‍ ചോദിച്ചു.

ദക്ഷിണേന്ത്യയില്‍ പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും കൂടുതല്‍ കുട്ടികളെ ജനിപ്പിക്കേണ്ടതിനെ കുറിച്ച് ആലോചിക്കണമെന്നും നേരത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിരുന്നു. ജനസംഖ്യയ്ക്കനുസൃതമായി ലോക്സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആസൂത്രണം നടത്തുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിമാരുടെ ആഹ്വാനം.