അമരാവതി: തെരഞ്ഞെടുപ്പിനിടെ വോട്ടിങ് യന്ത്രം തകർത്ത വൈ.എസ്.ആർ കോൺഗ്രസ് മുൻ എംഎ‍ൽഎ ഒടുവിൽ അറസ്റ്റിൽ. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ നിരസിച്ചതോടെയാണ് എംഎ‍ൽഎയെ അറസ്റ്റ് ചെയ്തത്. രാമകൃഷ്ണ റെഡ്ഡിയെ ബുധനാഴ്ചയാണ് ?പൊലീസ് അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസം പോളിങ് ബൂത്തിലെത്തി വോട്ടിങ് യന്ത്രം തകർത്തുവെന്നതാണ് ഇയാൾക്കെതിരായ കുറ്റം.

രാമകൃഷ്ണ റെഡ്ഡി പോളിങ് ബൂത്തിലെത്തി ഇ.വി എം തകർക്കുന്നതിനിന്റെ ദൃശ്യങ്ങൾ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. മുൻ എംഎ‍ൽഎ വോട്ടിങ് യന്ത്രം തകർക്കുന്നത് തടയാൻ ശ്രമിച്ചയാളെ ഇയാൾ മർദിക്കുകയും ചെയ്തിരുന്നു. പോളിങ് ബൂത്തിലുണ്ടായിരുന്ന വനിതയോട് മുൻ എംഎ‍ൽഎ മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തിരുന്നു.

തുടർന്ന് അടുത്ത ദിവസം രാമകൃഷ്ണ റെഡ്ഡിയും സഹോദരൻ വെങ്കിട്ടരമണി റെഡ്ഡിയും ടി.ഡി.പി പ്രവർത്തകർ തങ്ങളെ ആക്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട പരാതികൾ പിന്നീട് തെരഞ്ഞെടുപ്പ് കമീഷൻ ആന്ധ്ര ഡി.ജി.പിക്ക് കൈമാറുകയായിരുന്നു.

എന്നാൽ, അറസ്റ്റിൽ നിന്നും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് രാമകൃഷ്ണ റെഡ്ഡി കോടതിയെ സമീപിച്ചു. കേസ് തീർപ്പാകുന്നത് വരെ രാമകൃഷ്ണ റെഡ്ഡിയെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി നിർദേശിച്ചു. തുടർന്ന് ജൂൺ 20ന് ഇയാളുടെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാവുകയും കോടതി ജാമ്യാപേക്ഷ തള്ളുകയുമായിരുന്നു.