സിക്കിം: സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസത്തിന് ശേഷം എംഎൽഎ സ്ഥാനം രാജിവെച്ച് കൃഷ്ണ കുമാരി റായി. സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്ങിന്റെ ഭാര്യയാണ് കൃഷ്ണ കുമാരി റായി. നാംചി-സിംഗിതാങ് സീറ്റിൽ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് (എസ്ഡിഎഫ്) സ്ഥാനാർത്ഥി ബിമൽ റായിയെ പരാജയപ്പെടുത്തിയാണ് കൃഷ്ണ കുമാരി റായ് നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രാജിക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച റായ് 5,302 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം സിക്കിം നിയമസഭയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ പ്രേം സിങ്ങ് തമാങ്ങിന്റെ സിക്കിം ക്രാന്തികാരി മോർച്ച ആകെയുള്ള 32 സീറ്റിൽ 31ലും വിജയിച്ചിരുന്നു. കൃഷ്ണകുമാരിയുടെ രാജിയോടെ വീണ്ടും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

റായി രാജിവെച്ചതിന്റെ കാരണങ്ങൾ വ്യക്തമല്ലന്നും സ്പീക്കർ മിങ്മ നോർബു ഷെർപ്പ പറഞ്ഞു.കൃഷ്ണ കുമാരി റായിയുടെ രാജി സിക്കിം സംസ്ഥാന നിയമസഭാ സ്പീക്കർ എംഎൻ ഷെർപ്പ ഔദ്യോഗികമായി അംഗീകരിച്ചതോടെ നാംചി-സിങ്കിതാങ് മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ഉപതിരഞ്ഞെടുപ്പിന്റെ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഈ സംഭവവികാസം മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിന് വഴിയൊരുക്കിയിരിക്കുകയാണ്.