ചെന്നൈ: ക്ഷേത്രങ്ങളിൽ നിന്ന് മോഷണം നടത്തിയെന്ന് ആരോപിച്ച് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ ആറംഗ കുടുംബത്തെ നാട്ടുകാർ ഓടിച്ചിട്ട് ആക്രമിച്ചു. ആൾക്കൂട്ട മർദനത്തിൽ സാരമായി പരിക്കേറ്റ പത്തുവയസുകാരി മരിച്ചു. ആൾക്കൂട്ടം കുടുംബത്തെ മർദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.

നവംബർ 14ന് തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലെ കിള്ളനൂരിൽ റോഡിന് സമീപത്തെ ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന സംഘത്തെ കണ്ടെത്തിയതായി വാട്സാപ്പ് സന്ദേശങ്ങൾ പ്രചരിച്ചിരുന്നു. ഇതിനിടെ ആറംഗസംഘത്തെ ഓട്ടോറിക്ഷയിൽ കണ്ടപ്പോൾ മോഷ്ടാക്കളാണെന്ന് കരുതി നാട്ടുകാർ പിന്തുടരാൻ തുടങ്ങി. കുറച്ചുദൂരമെത്തിയപ്പോൾ വാഹനം വളഞ്ഞ നാട്ടുകാർ ഇവരെ ക്രൂരമായി മർദിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തിയാണ് ആറംഗസംഘത്തെ രക്ഷപ്പെടുത്തിയത്.

മർദനത്തിൽ സാരമായി പരിക്കേറ്റ പത്തുവയസുകാരി പുതുക്കോട്ടയിലെ സർക്കാർ ആശുപത്രിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. കുട്ടിയുടെ അമ്മ പുഷ്പ ഗണേശ് നഗർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.