ജയ്പുർ: കോൺഗ്രസിനെതിരെ വീണ്ടും വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അധികാരത്തിലിരിക്കെ കോൺഗ്രസ് ചെയ്ത പാപങ്ങൾക്ക് രാജ്യം അവരെ ശിക്ഷിക്കുകയാണെന്നും ഒരിക്കൽ 400 സീറ്റുകളിൽ വിജയിച്ച പാർട്ടിക്ക് ഇപ്പോൾ 300 സീറ്റുകളിൽ മത്സരിക്കാൻപോലും കഴിയുന്നില്ലെന്നും മോദി കുറ്രപ്പെടുത്തി.

ആദ്യഘട്ട വോട്ടെടുപ്പിൽ രാജസ്ഥാന്റെ പകുതിഭാഗവും കോൺഗ്രസിനെ ശിക്ഷിച്ചു. കോൺഗ്രസിന് ഒരിക്കലും ഇന്ത്യയെ ശക്തമാക്കാൻ കഴിയില്ലെന്ന് ഇവർക്ക് അറിയാമെന്നും രാജസ്ഥാനിലെ ജലോർ ജില്ലയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു.

2014ന് മുമ്പത്തെ അവസ്ഥയിലേക്ക് തിരിച്ചുപോകാൻ രാജ്യം ആഗ്രഹിക്കുന്നില്ല. സ്വജനപക്ഷപാതവും അഴിമതിയും കൊണ്ട് കോൺഗ്രസ് രാജ്യത്തെ പൊള്ളയാക്കിയെന്നും ഇതിനുള്ള ശിക്ഷയാണ് കോൺഗ്രസിന് ലഭിക്കുന്നതെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ 25 ലോക്സഭ സീറ്റിൽ 12 എണ്ണത്തിലായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. ബാക്കി 13 സീറ്റുകളിൽ വോട്ടെടുപ്പ് രണ്ടാംഘട്ടമായ ഏപ്രിൽ 26ന് നടക്കും.