ചെന്നൈ: പഞ്ചാമൃതത്തില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കലര്‍ത്തിയിട്ടുണ്ടെന്ന വിവാദ പരാമര്‍ശത്തില്‍ തമിഴ് സംവിധായകന്‍ അറസ്റ്റില്‍. മോഹന്‍ ജിയെയാണ് ചെന്നൈ പോലീസ് അറസ്റ്റ് ചെയ്തത്. തിരുമല തിരുപ്പതിയില്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്ന ലഡ്ഡൂകളില്‍ മൃഗ കൊഴുപ്പ് കലര്‍ന്നിട്ടുണ്ടെന്ന വാര്‍ത്ത വന്നതിന് പിന്നാലെ മോഹന്‍ജി തമിഴ്നാട്ടിലെ പ്രധാന ക്ഷേത്രമായ പഴനി മുരുകന്‍ ക്ഷേത്രത്തിലെ പ്രസാദമായ 'പഞ്ചാമൃതത്തില്‍' ഗര്ഭനിരോധന ഗുളികകള്‍ കലര്‍ത്തിയെന്ന അഭ്യൂഹങ്ങള്‍ താന്‍ കേട്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു.

മോഹന്‍ ജിയുടെ പരാമര്‍ശത്തില്‍ സോഷ്യല്‍ മീഡയയില്‍ വ്യാപക പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് വിവിധ സംഘടനകള്‍ അടക്കം ഇയാള്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. ഇതില്‍ ഒരു സംഘടന ട്രിച്ചി പോലീസിന് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് എന്നാണ് വിവരം. ഇന്ന് അറസ്റ്റ് ചെയ്ത ഇയാളെ ട്രിച്ചിയിലേക്ക് കൊണ്ടുവരുമെന്ന് ട്രിച്ചി ജില്ലാ എസ്പി വരുണ്‍ കുമാര്‍ അറിയിച്ചു.

അതേസമയം, തമിഴ് ചലച്ചിത്ര സംവിധായകനെ മുന്‍കൂര്‍ അറിയിപ്പ് കൂടാതെ അറസ്റ്റ് ചെയ്തതായി ചെന്നൈയിലെ ബിജെപി അധ്യക്ഷന്‍ അശ്വത്ഥാമന്‍ അല്ലിമുത്തു എക്‌സില്‍ അവകാശപ്പെട്ടു. എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും എന്ത് കാരണത്താലാണ് അറസ്റ്റ് ചെയ്തതെന്നും എവിടെയാണ് തടവിലാക്കിയതെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ അറിയിച്ചിട്ടില്ലെന്നും അല്ലിമുത്തു പറഞ്ഞു. 'പഴയ വണ്ണാരപ്പേട്ടൈ', 'താണ്ഡവം', 'ദ്രൗപതി' തുടങ്ങി നിരവധി തമിഴ് ചലച്ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് മോഹന്‍ ജി.

കഴിഞ്ഞ ദിവസങ്ങളില്‍ ആന്ധ്രയിലെ തിരുപ്പതി ക്ഷേത്രത്തിലെ ലഡുവില്‍ മൃഗ കൊഴുപ്പ് ഉണ്ടെന്ന ലാബ് റിപ്പോര്‍ട്ടിന് പിന്നാലെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു വന്നിരുന്നു. തുടര്‍ന്ന് ക്ഷേത്രത്തില്‍ പരിഹാര ക്രിയ അടക്കം നടന്നിരുന്നു.