ന്യൂഡൽഹി: നൂഹ് സംഘർഷത്തിന്റെ മുഖ്യസൂത്രധാരനും പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതിയുമായ മോനു മനേസർ പിടിയിൽ. ഹരിയാന പൊലീസാണ് മനേസറിനെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ഫെബ്രുവരി 15ന് രാജസ്ഥാനിലെ ഭിവാനിയിൽ പശുക്കടത്ത് ആരോപിച്ച് 25കാരനായ നാസിറിനെയും 35കാരനായ ജുനൈദിനെയും ഒരുസംഘം ആളുകൾ തട്ടിക്കൊണ്ടുപോയിരുന്നു. പിറ്റേദിവസം ഇരുവരുടെയും മൃതദേഹം കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ മനസേറിനെതിരെ കേസ് എടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. ഇയാൾ ഒളിവിലാണെന്നായിരുന്നു രാജസ്ഥാൻ പൊലീസിന്റെ വിശദീകരണം.

ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് മനേസറിനെ അറസ്റ്റ് ചെയ്തതെന്നാണ് ഹരിയാന പൊലീസ് നൽകുന്ന വിവരങ്ങൾ. അതേസമയം, ഇരട്ട കൊലപാതകക്കേസിൽ രാജസ്ഥാൻ പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്നും റിപ്പോർട്ടുകളുണ്ട്.

മോനു മനേസർ പങ്കുവെച്ച വീഡിയോയാണ് ഹരിയാനയിലെ നൂഹിൽ സംഘർഷത്തിന് കാരണമായതായതെന്നായിരുന്നു റിപ്പോർട്ടുകൾ. സംഘർഷത്തിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു. ജൂലായ് 31 വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ജൽ അഭിഷേക് യാത്രയ്ക്കിടെയാണ് അക്രമം ആരംഭിച്ചത്. ഇത് പിന്നീട് സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിന്നു.