ഋഷികേശ്: ഉത്തരാഖണ്ഡിലെ ഋഷികേശിൽ സൗന്ദര്യമത്സരത്തിൻ്റെ റിഹേഴ്സലിനിടെ മോഡലുകൾക്ക് നേരെ ഭീഷണിയും പ്രതിഷേധവും. നീളം കുറഞ്ഞ വസ്ത്രങ്ങൾ ധരിച്ചെത്തിയ മത്സരാർത്ഥികളെ തടഞ്ഞുനിർത്തി 'ഇതൊരു സംസ്കാരമല്ല' എന്ന് പറഞ്ഞ് രാഷ്ട്രീയ ഹിന്ദു ശക്തി സംഘാതൻ എന്ന സംഘടനയിലെ അംഗങ്ങൾ മോഡലുകളുമായി വാക്കേറ്റത്തിലേർപ്പെടുകയായിരുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.

ലയൺസ് ക്ലബ് ഋഷികേശ് സംഘടിപ്പിച്ച 'മിസ് ഋഷികേശ്' സൗന്ദര്യമത്സരത്തിൻ്റെ റാമ്പ് വാക്ക് പരിപാടിക്കിടെയാണ് പ്രതിഷേധം അരങ്ങേറിയത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാഘവേന്ദ്ര ഭട്‌നാഗറിൻ്റെ നേതൃത്വത്തിലുള്ള സംഘം, പാശ്ചാത്യ വസ്ത്രങ്ങൾ ധരിച്ച മത്സരാർത്ഥികളെ തടയുകയും രൂക്ഷമായി വിമർശിക്കുകയുമായിരുന്നു. ഇതിൻ്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

"ഋഷികേശിൻ്റെ സംസ്കാരം നശിപ്പിക്കരുത്, ഇതൊരു ഭാരതീയ സംസ്കാരമല്ല" എന്ന് ഭട്‌നാഗർ പറയുന്നതും, "എല്ലാ കടകളിലും ഇത്തരം വസ്ത്രങ്ങളുടെ വിൽപ്പന നിർത്താൻ വെല്ലുവിളിക്കുന്ന" ഒരു മത്സരാർത്ഥിയുടെ പ്രതികരണവും വീഡിയോയിൽ വ്യക്തമായി കാണാം.

എന്നാൽ, ഇതുസംബന്ധിച്ച് ഔദ്യോഗികമായി പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും, ഇരുവിഭാഗങ്ങളും തമ്മിൽ പ്രശ്നം ഒത്തുതീർപ്പാക്കിയതായും പോലീസ് അറിയിച്ചു. 'മിസ് ഋഷികേശ്' സൗന്ദര്യമത്സരം ശനിയാഴ്ച നിശ്ചയിച്ച പ്രകാരം തന്നെ നടന്നതായാണ് റിപ്പോർട്ടുകൾ.