ചെന്നൈ: ഭിന്നശേഷിക്കാരെ അധിക്ഷേപിച്ച മോട്ടിവേഷണല്‍ സ്പീക്കറെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മോട്ടിവേഷണല്‍ സ്പീക്കര്‍ മഹാവിഷ്ണുവിനെയാണ് ചെന്നൈ വിമാനത്താവളത്തില്‍നിന്ന് പിടികൂടിയത്. അന്ധവിശ്വാസങ്ങള്‍ പ്രചരിപ്പിച്ചതിനും അധ്യാപകനെ പരസ്യമായി അപമാനിച്ചതിനും കേസെടുത്ത ശേഷം ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ഭിന്നശേഷിക്കാരെ അധിക്ഷേപിച്ചതുള്‍പ്പെടെ നിരവധി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മഹാവിഷ്ണു, ഇത് ചോദ്യം ചെയ്ത കാഴ്ച വൈകല്യമുള്ള അധ്യാപകനെ അപമാനിക്കുകയും ചെയ്തു. ചെന്നൈ നഗരത്തിലെ അശോക് നഗറിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. അന്ധതയടക്കമുള്ള വൈകല്യങ്ങളും സാമൂഹിക അസമത്വങ്ങളും മുജ്ജന്മ പാപങ്ങളുടെ ഫലമാണെന്ന് ഇയാള്‍ പറഞ്ഞു.

''നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിച്ച് മരിക്കാമെന്ന് കരുതരുത്. അങ്ങനെ ചെയ്താല്‍ നിന്റെ അടുത്ത ജന്മം ക്രൂരമായിരിക്കും. കൈകളും കാലുകളും കണ്ണുകളും ഇല്ലാതെയാണ് പലരും ജനിക്കുന്നത്. പലരും വീടില്ലാതെയും ഒരുപാട് രോഗങ്ങളോടെയുമാണ് ജനിക്കുന്നത്. ദൈവം കാരുണ്യവാനാണെങ്കില്‍ എല്ലാവരേയും ഒരുപോലെ സൃഷ്ടിക്കണമായിരുന്നു. എന്തുകൊണ്ട് അവന്‍ ചെയ്തില്ല? കഴിഞ്ഞ ജന്മത്തിലെ കര്‍മ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ജന്മം നിനക്ക് ലഭിക്കുന്നത്'' എന്നായിരുന്നു പ്രസംഗം.

ഇതിനെ കാഴ്ച വൈകല്യമുള്ള ശങ്കര്‍ എന്ന അധ്യാപകന്‍ ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ പ്രകോപിതനായ മഹാവിഷ്ണു അധ്യാപകനോട് കയര്‍ക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. മഹാവിഷ്ണു സ്‌കൂളില്‍ അന്ധവിശ്വാസ ചിന്തകളാണ് പ്രസംഗിച്ചതെന്നും അത് നിയമവിരുദ്ധമാണെന്നും അധ്യാപകന്‍ ചൂണ്ടിക്കാട്ടി.

ഗുരുകുല വിദ്യാഭ്യാസ സമ്പ്രാദായം ജാതി, ലിംഗ വ്യത്യാസങ്ങള്‍ക്കനുസരിച്ച് മാത്രമേ വിദ്യാഭ്യാസം നല്‍കിയിരുന്നൂള്ളൂ എന്ന് പറഞ്ഞ മാഹാവിഷ്ണു, ഇതവസാനിപ്പിക്കാന്‍ കാരണമായ ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തി. അഗ്‌നിമഴ പെയ്യിക്കാനും അസുഖങ്ങള്‍ ഭേദമാക്കാനും ഒരു മനുഷ്യനെ പറക്കാന്‍ പ്രാപ്തമാക്കാനും കഴിയുന്ന ശ്ലോകങ്ങള്‍ ഇവിടെ ഉണ്ടായിരുന്നെന്നും ഇത് ബ്രിട്ടീഷുകാര്‍ മായ്ച്ച് കളയുകയായിരുന്നുവെന്നും മഹാവിഷ്ണു അവകാശപ്പെട്ടു.

ഇത്തരം വ്യക്തിയെ സ്‌കൂളില്‍ സംസാരിക്കാന്‍ അനുവദിച്ചതിനെതിരെ കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തി. എന്നാല്‍, യൂട്യൂബില്‍ നാലുലക്ഷം വരിക്കാരുള്ള മോട്ടിവേഷനല്‍ സ്പീക്കറാണ് മഹാവിഷ്ണുവെന്നും അദ്ദേഹത്തിന്റെ പ്രസംഗം വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനാണെന്നും അനുയായികള്‍ അവകാശപ്പെട്ടു. 'പരംപൊരുള്‍ ഫൗണ്ടേഷന്‍' എന്ന ഇയാളുടെ സ്ഥാപനം ആത്മീയത, യോഗ, ധ്യാനം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്.