ലക്‌നൗ: പ്രയാഗ്രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും. മുകേഷ് അംബാനിയും അമ്മ കൊകിലാബെനും മക്കളായ ആകാശും അനന്തും മരുമക്കളായ ശ്ലോകയും രാധികയും കൊച്ചുമക്കളായ പൃഥ്വിയും വേദയും സഹോദരിമാരായ ദീപ്തി സല്‍ഗോക്കറും നീന കോത്താരിയും ഒരുമിച്ചാണ് ചൊവ്വാഴ്ച്ച സ്നാനം ചെയ്തത്.

അംബാനി കുടുംബത്തിലെ നാല് തലമുറയില്‍ പെട്ടവരാണ് ഒരുമിച്ച് പ്രയാഗ് രാജില്‍ പുണ്യസ്നാനം നടത്തിയത്. അംബാനിയുടെ അമ്മായിയമ്മ പൂനംബെന്‍ ദലാലും സഹോദരി ഭര്‍ത്താവിന്റെ സഹോദരി മംമ്താബെന്‍ ദലാലും ഇവരോടൊപ്പം ഉണ്ടായിരുന്നു. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യനദികളുടെ സംഗമസ്ഥാനത്ത് ലക്ഷക്കണക്കിന് ഭക്തരോടൊപ്പം അംബാനി കുടുംബത്തിലെ നാല് തലമുറയും ആത്മീയ തീര്‍ത്ഥാടനത്തില്‍ പങ്കുചേര്‍ന്നു.

നിരഞ്ജനി അഖാഡയിലെ സ്വാമി കൈലാസാനന്ദ് ഗിരിജി മഹാരാജ് ഗംഗാപൂജ നടത്തി. അതിനുശേഷം, അംബാനി പര്‍മാര്‍ഥ് നികേതന്‍ ആശ്രമത്തിലെ സ്വാമി ചിദ്ദാനന്ദ് സരസ്വതി മഹാരാജിനെ കണ്ടു. ആശ്രമത്തില്‍ അംബാനി കുടുംബം മധുരപലഹാരങ്ങളും ലൈഫ് ജാക്കറ്റുകളും വിതരണം ചെയ്തു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, 'തീര്‍ഥ് യാത്രി സേവ' എന്ന സംരംഭത്തിലൂടെ മഹാകുംഭ് തീര്‍ഥാടകര്‍ക്ക് വ്യാപകമായി സേവനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്.