ബെംഗളൂരു: മദ്യപിച്ചെത്തി വഴക്കിട്ട ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ. ബെംഗളൂരു സുദ്ദഗുണ്ടെ പാളയയില്‍ താമസിക്കുന്ന ഭാസ്‌കറിന്റെ(42) മരണത്തിലാണ് ഭാര്യ ശ്രുതി(32)യെ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചെത്തി വഴക്കിട്ടതിന് പിന്നാലെയാണ് ഭര്‍ത്താവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

ഭാസ്‌കറും ശ്രുതിയും 12 വര്‍ഷം മുമ്പ് വിവാഹിതരായവരാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഭാസ്‌കറിനെ മര്‍ദിച്ച് കൊലപ്പെടുത്തിയശേഷം സംഭവം സ്വാഭാവിക മരണമായി ചിത്രീകരിക്കാനായിരുന്നു പ്രതിയുടെ ശ്രമം. തങ്ങള്‍ ഉറങ്ങുകയായിരുന്നെന്നും ഇതിനിടെയാണ് മരണം സംഭവിച്ചതെന്നുമായിരുന്നു പ്രതിയുടെ മൊഴി. എന്നാല്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഭാസ്‌കറിന് മര്‍ദനമേറ്റതായി കണ്ടെത്തി. ഇതോടെ ഭാര്യയെ വിശദമായി ചോദ്യംചെയ്യുകയും ഇവര്‍ കുറ്റംസമ്മതിക്കുകയുമായിരുന്നു.

മദ്യപിച്ചെത്തിയ ഭര്‍ത്താവ് വഴക്കുണ്ടാക്കിയെന്നും തുടര്‍ന്ന് തടി ഉപയോഗിച്ച് നിര്‍മിച്ച ചപ്പാത്തികോല്‍ കൊണ്ട് ഭര്‍ത്താവിനെ മര്‍ദിക്കുകയാണുണ്ടായതെന്നും യുവതി മൊഴിനല്‍കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ്ചെയ്തു.