കോട്ട: ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാത്ത 40കാരനെ സുഹൃത്തുക്കൾ കൊലപ്പെടുത്തി മൃതദേഹം കുളത്തിൽ തള്ളി. ഒമ്പത് ദിവസങ്ങൾക്ക് മുമ്പാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ബാരൻ സിറ്റി സ്വദേശിയായ ഓം പ്രകാശ് ബൈരയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹം കുളത്തിൽ നിന്ന് കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

മദ്യപിക്കുന്നതിനിടെ രണ്ട് സുഹൃത്തുക്കൾ ഓം പ്രകാശിനോട് ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാൻ നിർബന്ധിച്ചു. എന്നാൽ ഇത് എതിർത്ത ഓം പ്രകാശിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തുകയായിരുന്നു.പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മുരളീധർ പ്രജാപതി (32) സുരേന്ദ്ര യാദവ് എന്നിവരാണ് പ്രതികൾ. ഇവർ രണ്ട് പേരും ബാരൻ സിറ്റി സ്വദേശികളാണ്. പ്രജാപതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. അറസ്റ്റ് പേടിച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സുരേന്ദ്ര യാദവ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

'പ്രജാപതിയും സുരേന്ദ്ര യാദവും ഓം പ്രകാശും ഒരുമിച്ചായിരുന്നു മദ്യപിച്ചത്. ഇതിനിടെയാണ് രണ്ട് പേർ ഓം പ്രകാശിനോട് ലൈംഗിക കാര്യങ്ങൾ ആവശ്യപ്പെട്ടത്. എന്നാൽ ഓം പ്രകാശ് വിസമ്മതിച്ചു. പിന്നാലെ ഇവർ തമ്മിൽ വഴക്കായി. ഇതിനിടെയാണ് ഓം പ്രകാശിനെ സുഹൃത്തുക്കൾ കൊലപ്പെടുത്തിയത്. പിന്നാലെ മൃതദേഹം കുളത്തിൽ തള്ളുകയായിരുന്നു'- ബാരൻ പൊലീസ് സൂപ്രണ്ട് രാജ് കുമാർ ചൗധരി പറഞ്ഞു.