- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയെന്ന് ഭർത്താവിന്റെ തുറന്നുപറച്ചിൽ; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ നാട് അറിഞ്ഞത് അരുംകൊല; ദാരുണ സംഭവം ഡൽഹിയിൽ
ഡൽഹി: ദൃശ്യം സിനിമയിലേതിന് സമാനമായ ആസൂത്രണത്തിലൂടെ ഭാര്യയെ കൊലപ്പെടുത്തി ശ്മശാനത്തിൽ മറവുചെയ്തു. പിന്നാലെ കാമുകനൊപ്പം ഒളിച്ചോടിയെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവ് ഡൽഹിയിൽ പിടിയിലായി. ഉത്തർപ്രദേശിലെ അംറോഹ സ്വദേശിയും പെയിന്റ് പണിക്കാരനുമായ ഷബാബ് അലി (47), കൂട്ടാളികളായ ഷാരൂഖ് ഖാൻ, തൻവീർ എന്നിവരെയാണ് മെഹ്റോളി പോലീസ് അറസ്റ്റ് ചെയ്തത്. അവിഹിതബന്ധം സംശയിച്ചാണ് ഷബാബ് തന്റെ ഭാര്യ ഫാത്തിമയെ (30) കൊലപ്പെടുത്തിയതെന്നാണ് പോലീസ് നൽകുന്ന വിവരം.
മെഹ്റോളിയിൽ വെച്ചാണ് കൊലപാതകം നടന്നത്. ഭാര്യയുടെ മൃതദേഹം മറവുചെയ്യാനും പോലീസിന്റെ അന്വേഷണം വഴിതിരിച്ചുവിടാനും ഷബാബ് അലി കൃത്യമായ ഗൂഢാലോചന നടത്തിയെന്ന് സൗത്ത് ഡിസിപി അങ്കിത് ചൗഹാൻ അറിയിച്ചു.
പോലീസ് നൽകുന്ന വിവരമനുസരിച്ച്, ഷബാബ് അലി അഞ്ച് ദിവസത്തോളം ഭാര്യയ്ക്ക് കീടനാശിനിയും മയക്കുമരുന്ന് കലർന്ന ഗുളികകളും നൽകി. തുടർന്ന്, ഷാരൂഖ് ഖാൻ, തൻവീർ, മറ്റൊരാൾ എന്നിവരുടെ സഹായത്തോടെ മൃതദേഹം കാറിൽ കയറ്റി മെഹ്റോളിയിലെ ഒരു ശ്മശാനത്തിലേക്ക് കൊണ്ടുപോയി. അവിടെവെച്ച് ഫാത്തിമയുടെ മൃതദേഹം കുഴിച്ചിട്ട ശേഷം വസ്ത്രങ്ങൾ ഒരു കനാലിൽ ഉപേക്ഷിക്കുകയും ചെയ്തു.
കൃത്യം നടത്തിയതിന് പിന്നാലെ ഷബാബ് തന്റെ നാടായ അംറോഹയിലേക്ക് മടങ്ങി. ഫാത്തിമയുടെ ഫോണിൽ നിന്ന് തന്റെ നമ്പറിലേക്ക് ഒരു സന്ദേശമയച്ച്, താൻ മറ്റൊരാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്നും അയാൾക്കൊപ്പം പോകുകയാണെന്നും വരുത്തിത്തീർക്കാൻ ശ്രമിച്ചു.
ഓഗസ്റ്റ് 10-ന് ഫാത്തിമയെ കാണാനില്ലെന്ന് കാണിച്ച് ഒരു സുഹൃത്ത് മെഹ്റോളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫാത്തിമയെ ആരോ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കിയിരിക്കുകയാണെന്നായിരുന്നു പരാതിക്കാരിയുടെ സംശയം. പോലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
സിസിടിവി ദൃശ്യങ്ങളിൽ ഫാത്തിമയെ ഭർത്താവിനും കൂട്ടാളികൾക്കുമൊപ്പം അബോധാവസ്ഥയിൽ കണ്ടതോടെയാണ് പോലീസ് ഷബാബിനെ ചോദ്യം ചെയ്യുകയും കൊലപാതക വിവരം പുറത്തുവരുകയും ചെയ്തത്. പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.