- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അള്‍ജീരിയന്‍ സ്വദേശിയുമായിട്ടുള്ള മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി; എതിര്‍പ്പറിയിച്ച് കോര്പ്പറേഷന്; പിന്നാലെ പരാതിക്കാരന് അനുകൂല വിധി; മുസ്ലിം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി
ഇതേ അധികൃതര്‍ ഹര്‍ജിക്കാരന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കോടതി
മുംബൈ: മുസ്ലീം പുരുഷന്‍മാര്‍ക്ക് ഒന്നിലേറെ വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് നിരീക്ഷിച്ച് ബോംബെ ഹൈക്കോടതി. മുസ്ലീം വ്യക്തിനിയമം ഒന്നിലേറെ വിവാഹങ്ങള്‍ക്ക് അനുമതി നല്‍കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. അള്‍ജീരിയന്‍ സ്വദേശിയായ തന്റെ മൂന്നാം ഭാര്യയുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി താനെ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.
അള്‍ജീരിയന്‍ സ്വദേശിയുമായുള്ള മൂന്നാം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയാണ് ഹര്‍ജിക്കാരന്‍ താനെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരെ സമീപിച്ചത്. എന്നാല്‍ മൂന്നാം വിവാഹമാണെന്നും ഇത് രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു. ഇതിനെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃര്‍ക്ക് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
മഹാരാഷ്ട്ര വിവാഹ രജിസ്ട്രേഷന്‍ നിയമം അനുസരിച്ച് ഒരു വിവാഹം മാത്രമേ രജിസ്ടര്‍ ചെയ്യാനാവുകയുള്ളു എന്ന് ചൂണ്ടിക്കാട്ടിയാണ് കോര്‍പ്പറേഷന്‍ അധികൃതര്‍ അപേക്ഷ തള്ളിയത്. എന്നാല്‍ മുസ്ലിം വ്യക്തി നിയമം അനുസരിച്ച് ഒന്നിലേറെ വിവാഹങ്ങള്‍ ആവാമെന്നും വിവാഹ രജിസ്ട്രേഷന്‍ നിയമത്തില്‍ ഇത് പരിഗണിച്ചിട്ടില്ലെന്നും കോടതി പറഞ്ഞു. ഇതേ അധികൃതര്‍ തന്നെ ഹര്‍ജിക്കാരന്റെ രണ്ടാം വിവാഹം രജിസ്ടര്‍ ചെയ്ത് നല്‍കിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നായിരുന്നു കോര്‍പ്പറേഷന്റെ മറ്റൊരു വാദം. ഈ രേഖകള്‍ എത്രയും പെട്ടന്ന് ഹാജരാക്കാന്‍ കോടതി ഹര്‍ജിക്കാരനോട് നിര്‍ദേശിച്ചു. രേഖകള്‍ കിട്ടിയാല്‍ ഇവ പരിശോധിച്ച് എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും കോടതി താനേ കോര്‍പ്പറേഷന് നിര്‍ദേശം നല്‍കി.