ന്യൂഡൽഹി: ഇന്ത്യയിലെ ഐടി വികസനത്തിൽ സുപ്രധാന പേരാണ് നന്ദൻ നിലേകനി എന്നത്. സ്റ്റർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കുന്നതിൽ അടക്കം അദ്ദേഹത്തിന് വലിയ പങ്കുണ്ട്. ഇപ്പോൾ അദ്ദേഹം താൻ പഠിച്ച സ്ഥാപനത്തിനായി പണം നൽകിയത് മാധ്യമങ്ങളിൽ വാർത്തകളിൽ ഇടംപിടിക്കുകയാണ്.

ബോംബൈ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിക്ക് (ഐ.ഐ.ടി) 315 കോടി രൂപ സംഭാവനയായി നൽകി ഇൻഫോസിസ് സഹസ്ഥാപകനും ചെയർമാനുമായ നന്ദൻ നിലേകനി. ബോംബൈ ഐ.ഐ.ടിയിലെ പൂർവവിദ്യാർത്ഥിയായ നിലേകനി ഐഐടിക്ക് നേരത്തെ 85 കോടി രൂപ സംഭാവന നൽകിയിരുന്നു. ഇതോടെ നിലേകനി സ്ഥാപനത്തിനു നൽകിയ ആകെ സംഭാവന 400 കോടിയാകും.

ബോംബൈ ഐ.ഐ.ടിയിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനും എൻജിനീയറിങ്ങിലെ വിവിധ മേഖലകളിൽ കൂടുതൽ ആഴത്തിലുള്ള ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ സ്റ്റാർട്ടപ്പുകൾക്ക് വഴിയൊരുക്കുന്നതിനുമാണ് 315 കോടി സംഭാവനയായി നൽകിയതെന്ന് അദ്ദേഹം വ്യക്തമാക്കി. ഐ.ഐ.ടി. ഡയറക്ടർ ശുഭാഷിഷ് ചൗധരിയുമായി നിലേകനി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്.

ബോംബൈ ഐ.ഐ.ടിയുമായി 50 വർഷത്തെ ബന്ധമുണ്ടെന്നും ആ ബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് തന്റെ സംഭാവനയെന്നും നിലേകനി പറയുന്നു. ഇതുവരെയുള്ള തന്റെ യാത്രയിൽ ബോംബൈ ഐ.ഐ.ടി. വഹിച്ച പങ്ക് വലുതാണെന്നും സ്ഥാപനത്തിന്റെ വളർച്ചയിൽ പങ്കാളിയാകുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും നിലേകനി വ്യക്തമാക്കി. 1973-ലാണ് ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദത്തിന് നിലേകനി ഐ.ഐ.ടിയിൽ പ്രവേശനം നേടുന്നത്.