- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യത്ത് വേർതിരിവ് ഉണ്ടാക്കാനാണ് പലരുടെയും ശ്രമം; കാര്യങ്ങൾ ഇന്ത്യയിൽ വിലപോവില്ല, ഏതു വിധേനയും തടയും: പ്രധാനമന്ത്രി
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി വിവാദങ്ങൾക്കിടയിൽ രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. റിപ്പബ്ലിക് ദിനാഘോഷങ്ങളിൽ പങ്കെടുത്ത എൻസിസി കേഡറ്റുകളോട് സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അത്തരം കാര്യങ്ങൾ ഇന്ത്യയിൽ വിലപോവില്ലെന്നും അവ ഏതു വിധേനയും തടയുമെന്നും അദ്ദേഹം വ്യക്തമാക്കി.
'ലോകം മുഴുവൻ ഇന്ത്യയെ ഉറ്റു നോക്കുന്നതിന് കാരണം നമ്മുടെ രാജ്യത്തിന്റെ യുവതലമുറയാണ്. യുവതലമുറയ്ക്ക് ഉപകാര പ്രദമാകുന്ന നിരവധി ഡിജിറ്റൽ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും കേന്ദ്ര സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചയുടെ സമയം വന്നെത്തിയത് വ്യക്തമാണ്. ഇത് ഇന്ത്യൻ യുവതയ്ക്ക് അവസരങ്ങളുടെ കാലഘട്ടമാണ്', നരേന്ദ്ര മോദി പറഞ്ഞു.
അതേ സമയം രാജ്യത്ത് ഭിന്നതയുണ്ടാക്കാനുള്ള പല ശ്രമങ്ങളും നടക്കുന്നു എന്നും ഭാരതാംബയുടെ മക്കൾക്ക് ഇടയിൽ വേർതിരിവ് ഉണ്ടാക്കാനാണ് പലരുടെയും പരിശ്രമമെന്നും മോദി ആരോപിച്ചു. ഇന്ത്യ യുവതലമുറയ്ക്ക് പ്രതിരോധ വകുപ്പിലുൾപ്പടെ നിരവധി അവസരങ്ങൾ ഒരുക്കുന്നു എന്നു പറഞ്ഞ മോദി കഴിഞ്ഞ എട്ടു വർഷങ്ങളിൽ പ്രതിരോധ മേഖലയിലുള്ള വനിതകളുടെ എണ്ണം ഇരട്ടിയായെന്നും സ്ത്രീകൾക്ക് നിരവധി അവസരങ്ങളാണ് സർക്കാർ ഒരുക്കുന്നതെന്നും പറഞ്ഞു. ഇന്ത്യൻ നേവിയിൽ നാവികരായി സ്ത്രീകളെ ചേർക്കുന്നുണ്ടെന്നും യുദ്ധ സേനയിലും അവരെ ഉൾപ്പെടുത്തുന്നതിന് വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
'പൂണെയിലെ ദേശീയ പ്രതിരോധ അക്കാദമിയിൽ സ്ത്രീകൾക്കായുള്ള ആദ്യത്തെ ബാച്ച് ട്രെയിനിങ് ആരംഭിച്ചിട്ടുണ്ട്. സൈനിക് സ്കൂളിലേക്ക് 1500 പെൺകുട്ടികളെയാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. ആദ്യമായിട്ടാണ് വിദ്യാർത്ഥിനികൾക്ക് ഇത്തരം അവസരം ലഭിക്കുന്നത്', എൻസിസി കേഡറ്റുകളോട് സംവദിക്കവെ പ്രധാനമന്ത്രി പറഞ്ഞു.