ന്യൂഡൽഹി: മെഡിക്കൽ പിജി പ്രവേശനത്തിനുള്ള നീറ്റ്-പിജി 2023 എൻട്രൻസ് പരീക്ഷയുടെ കട്ട് ഓഫ് ശതമാനം പൂജ്യം ആക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഇന്ന് സുപ്രീം കോടതി തള്ളി.

കട്ട് ഓഫ് ശതമാനം കുറയ്ക്കുന്നത് മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തെ തകർക്കുമെന്നു ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകനാണ് സുപ്രീം കോടതിയെ സമീപിച്ചത്.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

നീറ്റ് പിജിയുടെ കട്ട് ഓഫിനെക്കുറിച്ച് ഒരു അഭിഭാഷകന് എന്തറിയാമെന്ന് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ചോദിച്ചു. ഒരു ഉദ്യോഗാർഥി പോലുമല്ലാത്തപ്പോൾ ഈ തീരുമാനം അദ്ദേഹത്തെ എങ്ങനെ ബാധിക്കുമെന്നും വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ആരാഞ്ഞു.കേസ് പരിഗണിച്ച ബെഞ്ച് ഹർജിക്കാരനെ നിശിതമായി വിമർശിക്കുകയായിരുന്നു.

രാജ്യത്ത് മെഡിക്കൽ ബുരുദാനന്തര പഠനത്തിന് 2000 സീറ്റുകൾ ഒഴിഞ്ഞ് കിടക്കുന്ന സാഹചര്യത്തിൽ നീറ്റ്-പിജി കട്ട് ഓഫ് 50 ശതമാനത്തിൽ നിന്ന് പൂജ്യം ശതമാനമായി കുറയ്ക്കാൻ സെപ്റ്റംബർ 22ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം തീരുമാനിക്കുകയായിരുന്നു. എന്നാൽ കേന്ദ്രത്തിന്റെ തീരുമാനത്തിനെതിരെ മെഡിക്കൽ വിദഗ്ധരും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉൾപ്പെടെയുള്ളവരും രൂക്ഷവിമർശനവുമായി രംഗത്തെത്തി.

മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം ഇല്ലാതാക്കുന്നതാണു തീരുമാനമെന്നായിരുന്നു ആരോപണം. അതേസമയം ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും (ഐഎംഎ) ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനും (എഫ്ഒആർഡിഎ) തീരുമാനത്തെ പിന്തുണയ്ക്കുകയാണ് ഉണ്ടായത്.

ആരോഗ്യ പരിരക്ഷാ സേവനങ്ങളെ കുറിച്ച് ആശങ്കയുണ്ടാക്കുന്ന ഒന്നായതിനാൽ ഹർജിക്കാരനെ ഒഴിവാക്കി വിഷയം പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയോട് അഭ്യർത്ഥിച്ചു. എന്നാൽ വിഷയത്തിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയും, തീരുമാനത്തെ ചോദ്യം ചെയ്യാൻ ഹർജിക്കാരന് അവകാശമില്ലാത്തതിനാൽ ബെഞ്ച് ഹർജി തള്ളുകയുമായിരുന്നു.