പറ്റ്‌ന: നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബി.ഐ. മനീഷ് കുമാർ, അഷുതോഷ് കുമാർ എന്നിവരാണ് പട്നയിൽനിന്ന് അറസ്റ്റിലായത്. ഇരുവരെയും വ്യാഴാഴ്ച സിബിഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു.

ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിലായ മനീഷ് കുമാറാണ് വിദ്യാർത്ഥികളെ കാറിൽ ഒരു ഒഴിഞ്ഞ സ്‌കൂൾ കെട്ടിടത്തിലെത്തിച്ച് ചോർത്തിയ ചോദ്യപേപ്പറുകൾ നൽകിയത് എന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ അഷുതോഷിന്റെ വീട്ടിലാണ് വിദ്യാർത്ഥികളെ താമസിപ്പിച്ചതെന്നും സിബിഐ. വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.