കരൂര്‍: തമിഴ്നാട്ടിലെ കരൂരിന് സമീപം ചരക്ക് ട്രെയിന്‍ സ്വകാര്യ കോളേജ് ബസില്‍ ഇടിച്ച് 25 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം വെള്ളിയാനൈക്ക് സമീപം അണ്‍മാന്‍ഡ് ലെവല്‍ ക്രോസ്സ് മുറിച്ചുകടക്കാന്‍ കോളേജ് ബസ് ശ്രമിക്കുന്നതിനിടെയിലായിരുന്നു അപകടം. ട്രാക്കിലേക്ക് കയറിയ ബസിലേക്ക് സിമന്റ് പ്ലാന്റിലേക്കുള്ള സാധനങ്ങളുമായി വന്ന ട്രെയിന്‍ ഇടിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാര്‍ത്ഥികളെ ഉടന്‍ തന്നെ കരൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ നില അതീവ ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ബസ്സിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ചെട്ടിനാട് സിമന്റ്സ് പ്ലാന്റിലേക്കുള്ള ചരക്ക് നീക്കത്തിനായി ഉപയോഗിക്കുന്ന സ്വകാര്യ റെയില്‍വേ ലൈനിലാണ് അപകടം നടന്നത്. അതിനാല്‍ തന്നെ ഇത് ദക്ഷിണ റെയില്‍വേയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പാതയല്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സംഭവമറിഞ്ഞ ഉടന്‍ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണോ അതോ ബസ്സിന്റെ സാങ്കേതിക തകരാറാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.