ന്യൂഡൽഹി: രാജ്യത്ത് അന്തരീക്ഷ മലിനീകരണം വർധിച്ചുവരുന്നതായി റിപോർട്ട്. ഏറ്റവും മോശം വായുനിലവാരമുള്ള രാജ്യങ്ങളിൽ ഇന്ത്യ (ഒരു ക്യൂബിക് മീറ്ററിന് 54.4 മൈക്രോഗ്രാം) മൂന്നാം സ്ഥാനത്താണെന്ന് സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തിറക്കിയ ലോക വായു ഗുണനിലവാര റിപോർട്ടിൽ പറയുന്നു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ശുപാർശ ചെയ്യുന്നതിനേക്കാൾ 10.9 മടങ്ങ് കൂടുതലാണ് ഇന്ത്യയിലെ വായുമലിനീകരണം.

ഡൽഹിയാണ് ലോകത്തിലെ ഏറ്റവും മോശം വായുനിലവാരമുള്ള തലസ്ഥാന നഗരം. ബിഹാറിലെ ബെഗുസരയാണ് ഏറ്റവും മോശം വായുനിലവാരമുള്ള മെട്രോ സിറ്റി. 134 രാജ്യങ്ങളുടെ പട്ടികയിൽ അയൽരാജ്യങ്ങളായ ബംഗ്ലാദേശും പാക്കിസ്ഥാനും മാത്രമാണ് ഇന്ത്യക്ക് പിറകിലുള്ളത്. ഇന്ത്യയിൽ 1.36 ബില്യൺ ആളുകൾ ഇതിൽ കൂടുതൽ മലിനമായ വായു ശ്വസിക്കുന്നതായാണ് കണക്കാക്കപ്പെടുന്നത്.

ഈ മലിനീകരണത്തിന്റെ 50 ശതമാനത്തിലധികം വരുന്നത് വ്യവസായത്തിൽ നിന്നാണെന്നാണ് കണക്ക്. 27 ശതമാനം വാഹനങ്ങളിൽ നിന്നും 17 ശതമാനം വിളകൾ കത്തിക്കുന്നതിൽ നിന്നും 7 ശതമാനം ഗാർഹിക പാചകത്തിൽ നിന്നുമാണെന്നും കണക്കുകൾ പറയുന്നു. 2022ൽ ലോകത്ത് മോശം വായുനിലവാരമുള്ള എട്ടാമത് രാജ്യമായിരുന്നു ഇന്ത്യ. അസമിലെ സിൽചാർ ആണ് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം.