ന്യൂഡല്‍ഹി: ലോകം മുഴുവന്‍ ആഘോഷിക്കുന്ന പുതുവത്സരാഘോഷങ്ങള്‍ക്കെതിരെ ഫത്വവുമായി മുസ്ലിം പണ്ഡിതന്‍. മുസ്ലീങ്ങള്‍ പുതുവത്സരാഘോഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വിയാണ് ഫത്വ പുറപ്പെടുവിച്ചത്.

ആശംസകള്‍ നേരുന്നതും പരിപാടികള്‍ സംഘടിപ്പിക്കുന്നതും പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇസ്ലാമിക നിയമത്തിന് വിരുദ്ധമാണ്. അതിനാല്‍ ഇത്തരം ആഘോഷങ്ങളില്‍ ഒരിക്കലും പങ്കെടുക്കാന്‍ പാടില്ലെന്ന് റസ്വി വ്യക്തമാക്കി. പുതുവത്സരാഘോഷങ്ങള്‍ മുസ്ലീങ്ങള്‍ക്ക് അഭിമാനം കൊള്ളാനോ ആഘോഷിക്കാനോ ഉള്ള അവസരമല്ലെന്ന് റസ്വി പറഞ്ഞു.

പുതുവത്സര ആഘോഷങ്ങള്‍ ക്രിസ്ത്യന്‍ പാരമ്പര്യങ്ങളില്‍ വേരൂന്നിയതും നൃത്തവും പാട്ടും പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്നവയുമാണ്. ഇവ ഇസ്ലാമില്‍ അസന്നിഗ്ദ്ധമായി നിരോധിച്ചിരിക്കുന്നു. മുസ്ലീങ്ങള്‍ ഇത്തരം പരിപാടികളില്‍ ഏര്‍പ്പെടരുത്. കാരണം, ഈ പ്രവൃത്തികള്‍ ശരിഅത്തിന് എതിരാണ്. ഇതുപോലെയുള്ള ആഘോഷങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളെ കളങ്കപ്പെടുത്തുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാപമാണെന്ന് പറഞ്ഞ അദ്ദേഹം, മുസ്ലീം യുവാക്കള്‍ ഇവയില്‍ നിന്നെല്ലാം മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

അതേസമയം, റസ്വിയുടെ ഫത്വയ്ക്ക് എതിരെ രൂക്ഷവിമര്‍ശനവുമായി വിമര്‍ശനവും ഉയരുന്നുണ്ട്. സൂഫി ഫൗണ്ടേഷന്‍ ദേശീയ പ്രസിഡന്റ് കാശിഷ് വാര്‍സിയാണ് ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. ഇത് മുസ്ലീങ്ങള്‍ക്ക് അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന 'ഫത്വ ഫാക്ടറി'യുടെ ഉല്‍പ്പന്നമാണെന്ന് വാര്‍സി വിമര്‍ശിച്ചു. മുസ്ലീം സമുദായത്തിനുള്ളിലെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടാതെ തുടരുകയാണ്. ജനങ്ങളെ ഒരുമിച്ച് കൊണ്ടുവരുന്നവയാണ് പുതുവത്സരാഘോഷങ്ങള്‍. അത്തരം ആഘോഷങ്ങള്‍ക്ക് മേല്‍ ഹറാം മുദ്ര കുത്തരുതെന്ന് വാര്‍സി വിമര്‍ശിച്ചു.