ന്യൂഡല്‍ഹി: ഇന്ത്യയും പസഫിക് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഫിജി , ന്യൂസിലാന്‍ഡ് , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോര്‍ ലെസ്റ്റെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഇന്ത്യയുടെ ആക്റ്റ് ഈസ്റ്റ് നയപ്രകാരം നടത്തുന്ന സന്ദര്‍ശനം 2024 ഓഗസ്റ്റ് 5 മുതല്‍ 10 വരെയാകും ഉണ്ടാകുക.

ഫിജി, ന്യൂസിലാന്‍ഡ്, ടിമോര്‍-ലെസ്റ്റെ എന്നീ രാജ്യങ്ങളിലേക്കുള്ള രാഷ്ട്രപതിയുടെ സന്ദര്‍ശനം ഇന്ത്യയുമായുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുമെന്നും 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന ഈസ്റ്റ്-ഏഷ്യ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ആക്ട് ഈസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഫിജി പ്രസിഡന്റ് റാതു വില്യാം മൈവലിലി കറ്റോണിവെറെയുടെ ക്ഷണപ്രകാരം ഓഗസ്റ്റ് 5 ,6 തീയതികളിലാണ് പ്രസിഡന്റ് മുര്‍മു ഫിജി സന്ദര്‍ശിക്കുക. ഇന്ത്യയില്‍ നിന്നുള്ള ഒരു രാഷ്ട്ര തലവന്റെ ആദ്യ ഫിജി സന്ദര്‍ശനം കൂടിയാണ് ഇത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് കറ്റോണിവെറെ, പ്രധാനമന്ത്രി സിതിവേനി റബുക്ക എന്നിവരുമായി രാഷ്ട്രപതി മുര്‍മു കൂടികാഴ്ച നടത്തും. ഫിജി പാര്‍ലമെന്റിനെയും അവിടുത്തെ ഇന്ത്യന്‍ സമൂഹത്തെയും രാഷ്ട്രപതി അഭിസംബോധന ചെയ്യും.

തുടര്‍ന്ന് ഓഗസ്റ്റ് 7 മുതല്‍ 9 വരെ രാഷ്ട്രപതി ന്യൂസിലന്‍ഡ് സന്ദര്‍ശിക്കും. ന്യൂസിലന്‍ഡ് ഗവര്‍ണര്‍ ജനറല്‍ സിന്‍ഡി കിറോയുടെ ക്ഷണപ്രകാരമാണ് രാഷ്ട്രപതിയുടെ സന്ദര്‍ശനം. ഇരുവരും ഉഭയകക്ഷി ചര്‍ച്ച നടത്തുകയും പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്സണുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും. അവിടെ വിദ്യാഭ്യാസ സമ്മേളനത്തെ അഭിസംബോധന ചെയ്തതിന് പിന്നാലെ ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ സമൂഹവുമായി മുര്‍മു സംവദിക്കും.

സന്ദര്‍ശനത്തിന്റെ അവസാന ഘട്ടത്തില്‍ പ്രസിഡന്റ് ജോസ് റാമോസ് ഹോര്‍ട്ടയുടെ ക്ഷണപ്രകാരം മുര്‍മു ഓഗസ്റ്റ് 10 ന് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് ടിമോര്‍ ലെസ്റ്റെ സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍ രാഷ്ട്രപതി മുര്‍മു പ്രസിഡന്റ് ഹോര്‍ട്ടയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തും. അതിനു ശേഷം ടിമോര്‍ ലെസ്റ്റെ പ്രധാനമന്ത്രി സനാന ഗുസ്മാവോ പ്രസിഡന്റ് മുര്‍മുവുമായി കൂടിക്കാഴ്ച നടത്തുകയും രാജ്യത്തെ ഇന്ത്യന്‍ സമൂഹവുമായി രാഷ്ട്രപതി മുര്‍മു ആശയവിനിമയം നടത്തുകയും ചെയ്യും.