ലക്‌നൗ: ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് യാത്രക്കാരിയെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത യുവാക്കള്‍ക്കായി തിരച്ചില്‍. വെള്ളക്കെട്ടുള്ള റോഡിലൂടെ വരുകയായിരുന്ന ബൈക്ക് യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചാണു സംഭവത്തിന്റെ തുടക്കം. വെള്ളത്തിലൂടെ വളരെ സാവധാനത്തില്‍ മുന്നോട്ടു പോവുകയായിരുന്ന ബൈക്ക് പിന്നീട് ഇവര്‍ പിന്നിലേക്ക് വലിച്ചു.

ചിലര്‍ സ്ത്രീയുടെ ദേഹത്ത് സ്പര്‍ശിക്കുന്നതും കാണാം. ബൈക്ക് പുറകിലേക്ക് വലിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് ഓടിച്ചിരുന്നയാളും സ്ത്രീയും വെള്ളത്തിലേക്ക് വീണു. പാലത്തിന് താഴെ തടിച്ചുകൂടിയ ആളുകളെ പൊലീസ് എത്തിയാണ് പിന്നീടു പിരിച്ചുവിട്ടത്. ബൈക്ക് യാത്രക്കാരെ ശല്യം ചെയ്തവരെ തിരിച്ചറിയാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.