ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയക്കേസില്‍ അറസ്റ്റിലായി ജയിലിലായ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിന് ഇന്ന് നിര്‍ണായക ദിനം. അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറയും. മദ്യനയ അഴിമതിയില്‍ സിബിഐ എടുത്ത കേസിലാണ് കെജ്രിവാള്‍ ജാമ്യം തേടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് വിധി.

അതേസമയം, ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്ക് പത്തു പേരെ ലഫ്. ഗവര്‍ണര്‍ക്ക് നോമിനേറ്റ് ചെയയാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഡല്‍ഹി സര്‍ക്കാരിന് തിരിച്ചടിയാകുന്ന വിധിയാണ് സുപ്രീം കോടതിയുടേത്. നോമിനേറ്റ് ചെയ്യാന്‍ ലഫ്. ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഇതിന് സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശ ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.