ന്യൂഡല്‍ഹി: കലാപ കലുഷിതമായ ബംഗ്ലാദേശിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി ഇന്ത്യന്‍ റെയില്‍വേ. കൊല്‍ക്കത്തയില്‍നിന്നും ധാക്കയിലേക്കുള്ള മൈത്രി എക്‌സ്പ്രസ്സും കൊല്‍ക്കത്തയില്‍ നിന്നും ഖുല്‍നയിലേക്കുള്ള ബന്ധന്‍ എക്‌സ്പ്രസ്സും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് ആറുവരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. ധാക്കയില്‍ നിന്നും സര്‍വീസ് നടത്തുന്ന മിതാലി എക്‌സ്പ്രസ്സും (ധാക്ക-ന്യൂ ജഗല്‍പുരി- ധാക്ക) ഓഗസ്റ്റ് 6 വരെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.

അതേസമയം കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വച്ചു. സഹോദരി ഷെയ്ഖ് രെഹാനയ്ക്കൊപ്പം രാജ്യം വിട്ട ഹസീന ഇന്ത്യയിലെത്തി. വൈകാതെ ലണ്ടനിലേക്ക് പുറപ്പെട്ടേക്കുമെന്നാണ് സൂചന. രാജ്യത്തെ അഭിസംബോധന ചെയ്ത ബംഗ്ലാദേശ് സൈനിക മേധാവി ജനറല്‍ വാകെര്‍-ഉസ്-സമാന്‍ ഭരണം ഏറ്റെടുത്തതായി പ്രഖ്യാപിച്ചു. എത്രയും വേ?ഗം രാജ്യത്ത് ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണ് പട്ടാള മേധാവി അറിയിക്കുന്നത്. ?

സര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണ നിയമത്തിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങള്‍ മുന്നൂറോളം പേരുടെ ജീവന്‍ പൊലിയുന്നതിന് കാരണമായിരുന്നു. ഞായറാഴ്ച മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് ഇന്നും ആയിരത്തോളം പേര്‍ തെരുവിലറങ്ങി. തുടര്‍ന്നായിരുന്നു രാജി.