മൊറാദാബാദ്: അഗ്‌നിശമന ഉപകരണം പ്രവര്‍ത്തിപ്പിച്ചതിന് പിന്നാലെ ട്രെയിന് തീപിടിച്ചുവെന്ന് കരുതി, ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്ക് ചാടിയ യാത്രക്കാര്‍ക്ക് പരുക്ക്. ഉത്തര്‍പ്രദേശ് ബില്‍പുരിന് സമീപം ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ഹൗറ അമൃത്സര്‍ മെയില്‍ ട്രെയിനിന്റെ ജനറല്‍ കോച്ചിലെ യാത്രക്കാരാണ് ബില്‍പുര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് ട്രെയിനിന് തീപിടിച്ചുവെന്ന് തെറ്റിദ്ധരിച്ചത്.

ട്രെയിനിലുണ്ടായിരുന്ന ഒരാള്‍ കോച്ചിലെ അഗ്‌നിശമന ഉപകരണം പ്രവര്‍ത്തിപ്പിച്ചതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്. ഇതോടെ ട്രെയിനിന് തീപിടിച്ചുവെന്ന് കരുതി സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ പുറത്തേക്ക് ചാടുകയായിരുന്നു. ഇങ്ങനെ ചാടിയ 12 പേരില്‍ 6 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെയില്‍വേ പൊലീസ് അറിയിച്ചു.

ട്രെയിന്‍ നിര്‍ത്താന്‍ അപായച്ചങ്ങല വലിച്ചെങ്കിലും പെട്ടെന്ന് നില്‍ക്കാതെ വന്നതോടെയാണ് യാത്രക്കാര്‍ പുറത്തേക്ക് ചാടിയതെന്നു റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.