ന്യൂഡല്‍ഹി: തന്റെ ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടെന്ന പരാതിക്ക് പിന്നാലെ, 400 യു.എസ്. ഡോളര്‍ ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ ഭീഷണിപ്പെടുത്തിയെന്ന് എന്‍.സി.പി എം.പിയും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടെന്ന ആരോപണവുമായി കഴിഞ്ഞദിവസമാണ് സുപ്രിയ രംഗത്തുവന്നത്.

'പാര്‍ട്ടി ജനറല്‍ സെക്രട്ടറി അതിഥി നാല്‍വഡെയുടെ ഫോണും ഹാക്ക് ചെയ്യപ്പെട്ടു. അതിഥിയോട് ഹാക്കര്‍മാര്‍ 10000 രൂപയാണ് ആവശ്യപ്പെട്ടത്. പണം നല്‍കാമെന്ന് സമ്മതിച്ചുകൊണ്ട് ഹാക്കര്‍മാരുമായി ഞങ്ങള്‍ സംസാരിച്ചു. ഹാക്കര്‍മാര്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നല്‍കി', അവര്‍ പറഞ്ഞു. ഫോണും വാട്സ്ആപ്പും ഹാക്ക് ചെയ്യപ്പെട്ടതായും അതുകൊണ്ട് ആരും മെസ്സേജ് ചെയ്യുകയോ വിളിക്കുകയോ ചെയ്യരുതെന്നും എക്‌സ് കുറിപ്പിലൂടെയാണ് സുപ്രിയ ആവശ്യപ്പെട്ടത്.

മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും വാട്ട്സ്ആപ്പ് ഹാക്ക് ചെയ്യപ്പെട്ടതായും ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ച് എല്ലാവരും ശ്രദ്ധാലുക്കളായിരിക്കണമെന്നും എം.പി പറഞ്ഞിരുന്നു. സംഭവത്തില്‍ പുണെ റൂറല്‍ പോലീസിലാണ് അവര്‍ പരാതി നല്‍കിയിരിക്കുന്നത്.